തളിക്കുളം സ്നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട രണ്ട് എൻഞ്ചിനിയറിങ്’വിദ്യാർഥികളെ ജീവൻ പണയം വെച്ച് രക്ഷിച്ച് ലൈവ് ഗാർഡുകൾ

വാടാനപ്പള്ളി : തളിക്കുളം സ്നേഹതീരം ബീച്ചിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയിൽ കടലിൽ അകപ്പെട്ട രണ്ട് എൻഞ്ചിനിയറിങ്’വിദ്യാർഥികളെ ജീവൻ പണയം വെച്ച് രക്ഷിച്ച് ലൈവ് ഗാർഡുകൾ. സ്നേഹതീരം ബീച്ചിലെ ലൈഫ് ഗാർഡുകളായ പീച്ചി സ്വദേശികളായ ടി. പി. ബിബീഷ്, കെ.ജി.ഐസക്ക് എന്നിവരാണ് രക്ഷിച്ചത്. കോയബത്തൂർ സ്വദേശികളായ 11 പേരാണ് ശനിയാഴ്ച രാവിലെ ബീച്ചിൽ എത്തിയത്. കോയബത്തൂർ പി. എസ്. ജി. എൻഞ്ചിനിയറിങ് കോളജിലെ വിദ്യാർഥികളാണ് ഇവർ. ഇവരിൽ എട്ടു പേരാണ് കടലിൽ ഇറങ്ങി കുളിച്ചത്. ഉച്ചക്ക് ഒന്നോടെ ഇവരിൽ ദേവശങ്കർ, അക്ഷയ് എന്നിവരാണ് തിരയിലും ഒഴുക്കിലും പെട്ടത്. അകലേക്ക് പോയ ഇരുവരും കടലിൽ മുങ്ങി താഴുകയായിരുന്നു. ഇതോടെ ലൈഫ് ഗാർഡുകളായ ബിബീഷും ഐസക്കും കടലിലേക്ക് ചാടിയാണ് ജീവൻ പണയം വെച്ച് മരണമുഖത്ത് നിന്ന് ഇരുവരേയും രക്ഷപ്പെടുത്തി കരക്ക് കയറ്റിയത്. തുടർന്ന് ശിശ്രൂഷ നൽകി. കടലിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ 18 വർഷം മുമ്പാണ് സ്‌നേഹതീരം ബീച്ചിൽ ലൈഫ് ഗാർഡുകളായ നാലുപേരെ നിയമിച്ചത്. ഇതിനകം നിരവധി പേരെയാണ് ഇവർ രക്ഷപ്പെടുത്തിയത്.



