ഗ്രാമ വാർത്ത.

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ആദ്യമെത്തിയത് വൈഗ

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ആദ്യമെത്തിയത് വൈഗ

ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യമായെത്തിയത് വൈഗ എന്ന കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടർ ആർ കീർത്തി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വൈഗയെ സ്വീകരിച്ചു.

2023 ഡിസംബറോട് കൂടി സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കുമെന്ന് ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. രണ്ടാം ഘട്ടം ജൂണിൽ പൂർത്തിയാകും. മൂന്നാം ഘട്ടം ഇപ്പോൾ തന്നെ ആരംഭിച്ചെന്നും ആഗസ്റ്റ് – സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗശാലകളുമായി ബന്ധമില്ലാതെ നേരിട്ടെത്തുന്ന മൃഗങ്ങൾക്കും ഏതെങ്കിലും വിധത്തിലുള്ള രോഗബാധിതരായ മൃഗങ്ങളെയും ഐസോലേഷൻ നടത്തി സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകുന്ന ഐസോലേഷൻ സെന്ററാണ് ചന്ദനക്കുന്നിലേത്. മൃഗങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ സ്വച്ഛവിഹാരത്തിനൊപ്പം കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് സുവോളജിക്കൽ പാർക്കിൽ ഉണ്ടാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാർക്കിലേക്ക് രണ്ടാമത്തെ കടുവയെ ഉടനെത്തിക്കും. സ്ഥലവുമായി ഇണങ്ങിയ ശേഷം മാത്രമാണ് ജീവികളെ ആവാസ ഇടത്തിലേക്ക് മാറ്റുക. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന്‌ കാണാവുന്ന തരത്തിൽ ഒരുങ്ങുന ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ സജ്ജമാകുന്നത്.

മെയ് പകുതിയോടെ ബയോഡൈവേഴ്സിറ്റി പാർക്ക്‌ കൂടി പൂർത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂർവ്വയിനം പക്ഷിമൃഗാദികളെയും തൃശ്ശൂർ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും എത്തിക്കും.

306 കോടി രൂപയുടെ പദ്ധതിയിൽ കിഫ്ബിയുടെ 269 കോടി ചെലവഴിച്ചാണ് പാർക്ക് ഒരുങ്ങുന്നത്. വനത്തിൻ്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് 24ഓളം ആവാസ ഇടങ്ങളിൽ എട്ട് ആവാസ വ്യവസ്ഥകളാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 30 ലക്ഷം പേർ പാർക്കിൽ വന്നു പോകുമെന്നാണ് കരുതുന്നത്.

സീബ്ര, ജിറാഫ്, ആഫ്രിക്കൻ മാനുകൾ, അനാക്കോണ്ട എന്നിവയെ പുറം രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും രണ്ട് തരം കരടികളെയും ഏജൻസികൾ മുഖാന്തരവും എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ജൂലൈ മുതൽ ആരംഭിക്കുന്ന മൃഗങ്ങളുടെ ഷിഫ്റ്റിംഗ് പ്രക്രിയ ഒക്ടോബർ മാസത്തോടെ പൂർത്തീകരിക്കും.

350 ഏക്കറിൽ പ്രശസ്ത ഓസ്‌ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ഡിസൈൻ ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിന് ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയെന്ന പ്രത്യേകത കൂടിയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close