വർണ്ണങ്ങളോടെ പൂരം; പാറമേക്കാവിന്റെ പൂരച്ചമയ പ്രദർശനം തുടങ്ങി
വർണ്ണങ്ങളോടെ പൂരം; പാറമേക്കാവിന്റെ പൂരച്ചമയ പ്രദർശനം തുടങ്ങി പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വർണ്ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങൾ, പല നിറമാർന്ന കുടകൾ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിനടുത്ത കെട്ടിടത്തിൽ സജ്ജമാക്കിയ പൂരച്ചമയ പ്രദർശനത്തിലുള്ളത്. 45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികൾ, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങൾ, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങൾ പൂരച്ചമയ പ്രദർശനത്തിലുണ്ട്. ഏപ്രിൽ 28ന് രാത്രി 10 മണി വരെയും ഏപ്രിൽ 29 (ശനി) രാവിലെ 10 മുതൽ രാത്രി 12 വരെയുമാണ് പൊതുജനങ്ങൾക്ക് ചമയ പ്രദർശനം കാണാനുള്ള അവസരം. ഇതുവരെ ആരും ചെയ്യാത്ത രാമച്ചം കൊണ്ടുള്ള ഗണപതിയുടെ സ്പെഷ്യൽ കുട, സുബ്രമണ്യൻ സ്വാമി, കാളി ദേവി എന്നിവരുടെ കുടകൾ, തുടങ്ങി കുടമാറ്റത്തിന് കാഴ്ചകാരെ അത്ഭുതപ്പെടുത്താനും അതിശയിപ്പിക്കാനും സർപ്രൈസ് ആയി സ്പെഷ്യൽ ഐറ്റം കുടകളാണ് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് നിവർത്തുന്നത്. ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന കുടകളും കുടമാറ്റത്തിന് ഉപയോഗിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ഔഗൻ കുര്യാക്കോസ്, മുൻമന്ത്രി വി എസ് സുനിൽകുമാർ എന്നിവർ ചേർന്ന് പൂരച്ചമയ പ്രദർശനം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ശബ്ദത്തേക്കാളും കാഴ്ചയ്ക്ക് കൂടുതൽ ചാരുത നൽകുന്ന വെടിക്കെട്ടാണ് ലക്ഷ്യമിടുന്നതെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ പറഞ്ഞു. വിവിധ ഇടങ്ങളിലായി കുടിവെള്ള വിതരണമുണ്ടാകും . പൂരദിവസം അയ്യായിരത്തിൽപരം ആളുകൾക്ക് ഭക്ഷണം നൽകും. പൂരത്തിൻ്റെ അടുത്ത ദിവസം 15,000ത്തിൽ പരം ആളുകൾക്ക് കഞ്ഞി നൽകുമെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ പറഞ്ഞു.
.