കൗതുകങ്ങളറിയാൻ എംഎൽഎയുമെത്തി
കൗതുകങ്ങളറിയാൻ എംഎൽഎയുമെത്തി
റോബോട്ടിന് ഷെയ്ക് ഹാൻഡ് കൊടുത്തും കൗതുക കാഴ്ചകൾ ആകാംക്ഷയോടെ പരിചയപ്പെട്ടും സി സി മുകുന്ദൻ എംഎൽഎ എന്റെ കേരളം മേളയിലെത്തി. 360 ഡിഗ്രി ക്യാമറയും ടൂറിസത്തിന്റെ സുരങ്കയും ഏലത്തോട്ടവും കണ്ട് ഫയർ ഫോഴ്സിനെയും എക്‌സൈസിനെയും എത്തിനോക്കി പോവുമ്പോൾ വഴിയിൽ ഫിഷറീസിന്റെ വഞ്ചിയിൽ മീൻ. അത് കണ്ട് നീങ്ങുമ്പോൾ ആരോഗ്യ വകുപ്പിന്റെ മുന്നിൽ ആൾക്കൂട്ടം. ഒന്ന് എത്തിച്ച് നോക്കിയപ്പോൾ ബ്ലഡ് ഷുഗർ നോക്കുന്ന ആരോഗ്യ വകുപ്പ് സ്റ്റാൾ. അവിടെ കയറാൻ അൽപ്പം മടിച്ചെങ്കിലും ജയിലിൽ ധീരതയോടെയാണ് എംഎൽഎ കയറിയത്.
പതിയെ നടന്ന് പോവുമ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റോബോട്ട്. റോബോട്ടിന് ഷെയ്ക്ക് ഹാൻഡ് കൊടുത്ത് റോബോട്ടിനെ ശ്രദ്ധിച്ചപ്പോൾ തൊട്ടടുത്ത് നറുക്കെടുപ്പ് തിരക്ക്. തിക്കിലും തിരക്കിലും പതിയെ നടന്ന് നീങ്ങിയപ്പോൾ, ദേ .. പടം വരയ്ക്കാൻ കുട്ടികൾ. ഫൈൻ ആർട്സ് കുട്ടികളുടെ പടം വര നോക്കി നിന്ന് സമയം പോയതറിയാതെ വാച്ച് നോക്കിയപ്പോഴാണ് അടുത്ത പരിപാടിയെക്കുറിച്ചോർത്തത്.
തിരക്കിൽ നടന്ന് നീങ്ങുമ്പോൾ വനിത ശിശു വികസന വകുപ്പിന്റെ കളിമുറ്റത്ത് കുഞ്ഞുമക്കളുടെ ബഹളം. പിള്ളേരൊക്കെ കൂടി എംഎൽഎ കളിമുറ്റത്തേക്ക് കൊണ്ടു പോയി. ഒപ്പം നിന്ന് ഫോട്ടോ എടുത്തു. മേളയിലെ കൗതുക കാഴ്ചകൾ കണ്ട് പുഞ്ചിരിയോടെ മടങ്ങി.