നോവോർമ്മകളുടെ കോവിഡ് ചിത്രങ്ങൾ;വ്യത്യസ്തമായി പ്രസ് ക്ലബ് സ്റ്റാൾ
നോവോർമ്മകളുടെ കോവിഡ് ചിത്രങ്ങൾ;
വ്യത്യസ്തമായി പ്രസ് ക്ലബ് സ്റ്റാൾ
നാം അതിജീവിച്ച നിമിഷങ്ങളും കടന്നുവന്ന ദുരന്തങ്ങളും ചെറുതല്ല. പരസ്പരം കാണാൻ പറ്റാത്ത, അടുത്തു കണ്ട് സംസാരിക്കാൻ കഴിയാത്ത ദിവസങ്ങൾ. ഉറ്റവരുടെയും ഉടയവരുടെയും മൃതശരീരം പോലും കാണാൻ കഴിയാതെ പോയവർ, ഒറ്റപ്പെട്ടവർ… ഹൃദയം പിളർന്നുപോയ എത്രയെത്ര നിമിഷങ്ങൾ. ഹൃദയത്തെ കൊത്തിവലിക്കുന്ന ഉണങ്ങാത്ത മുറിവോർമ്മകൾ ചിത്രങ്ങളായി പകർത്തിവെക്കുകയാണ് എന്റെ കേരളം മേളയിലെ തൃശൂർ പ്രസ് ക്ലബ്ബിന്റെ സ്റ്റാൾ.
കോവിഡ് നേർക്കാഴ്ചകൾ എന്ന ഫോട്ടോ / വീഡിയോ പ്രദർശനം സന്ദർശിച്ച് സ്റ്റാൾ വിട്ടിറങ്ങുന്നവർ ഒരു നിമിഷത്തേക്കെങ്കിലും മൗനമായിപ്പോകുന്നുണ്ട്. ഭയാനകമായ നിമിഷങ്ങളും അതിജീവനവും ഓർമ്മപ്പെടുത്തുകയാണ് ഈ ഫോട്ടോഗ്രാഫുകൾ.
കേരള വാർത്തയിലെ പി.ജി ഗസൂൺജി, മലയാള മനോരമയിലെ ഉണ്ണി കോട്ടയ്ക്കൽ, മാതൃഭൂമിയിലെ മനീഷ് ചേമഞ്ചേരി, ദേശാഭിമാനിയിലെ ഡിവിറ്റ് പോൾ, സുപ്രഭാതത്തിലെ സി ബി പ്രദീപ് കുമാർ, ദ ഹിന്ദുവിലെ കെ കെ നജീബ്, മലയാള മനോരമയിലെ റസ്സൽ ഷാഹുൽ, ദീപിക യിലെ ടോജോ പി ആന്റണി, ചന്ദ്രികയിലെ ഡയമണ്ട് പോൾ, മാതൃഭൂമിയിലെ ഫിലിപ്പ് ജേക്കബ്, കേരള കൗമുദിയിലെ റാഫി എം ദേവസി, ജന്മഭൂമിയിലെ ജിമോൻ കെ പോൾ, മംഗളത്തിലെ രഞ്ജിത് ബാലൻ എന്നിവർ എടുത്ത കോവിഡ് കാല ചിത്രങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് അയവുവന്ന ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് റൂമുകൾ അണുവിമുക്തമാക്കുന്ന കോവിഡ് പോരാളി, കോവിഡ് ഭേദമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവരെ യാത്രയാക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ,
കിരാലൂർ മാടമ്പ് മനയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന സാഹിത്യകാരൻ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്കാര ചടങ്ങ്, കോവിഡ് രൂക്ഷമായപ്പോൾ ആനകൾക്ക് പട്ടയടക്കമുള്ള തീറ്റ കിട്ടാൻ ബുദ്ധിമുട്ടായതോടെ വിജനമായ ദേശീയ പാതയോരത്ത് വളർന്ന പുല്ലുകൾ തിന്നാൻ ആനകളെ അഴിച്ച് വിട്ട ആമ്പല്ലൂരിൽ നിന്നുള്ള ദൃശ്യം തുടങ്ങി നോവുപടർത്തുന്ന ഒട്ടേറെ ചിത്രങ്ങൾ ഇവിടെയുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ വേളയിൽ തൃശൂർ കോർപറേഷൻ ഹാളിൽ വോട്ടിങ്ങിനായി പിപിഇ കിറ്റ് ധരിച്ചെത്തിയ കൗൺസിലർ സഭയെ അഭിവാദ്യം ചെയ്യുന്നതും തൃശ്ശൂർ സ്വരാജ് റൗണ്ടിൽ വാഹന പരിശോധനയ്ക്കിടെ വാദിക്കാനൊരുങ്ങിയ അഭിഭാഷകയോട് കൈകൂപ്പി കാര്യങ്ങൾ വിശദീകരിക്കുന്ന എസിപി പി വി ബേബിയുടെ ചിത്രവും കോവിഡിന്റെ മറ്റൊരു മുഖം കാണിച്ചുതരും.
അടച്ചുപൂട്ടൽ നാളുകളിലെ പാട്ടുരായ്ക്കൽ ജങ്ഷൻ രാത്രിക്കാഴ്ചയും തേക്കിൻകാട് മൈതാനത്ത് വൃക്ഷങ്ങളും പുൽച്ചെടികളും കിളിർത്തതും കൗതുകക്കാഴ്ചയായി മേളയിലുണ്ട്. ജനലക്ഷങ്ങളെത്തുന്ന പൂരക്കാലത്ത് ആരുമില്ലാതെ ഒഴിഞ്ഞുകിടന്ന ശ്രീമൂലസ്ഥാനവും കരിയിലകൾ മൂടിയ വഴിത്താരകൾക്ക് വടക്കുംനാഥ ഗോപുരം സാക്ഷിയാവുന്നതും ചരിത്ര രേഖയാണ്. ഈ ചിത്രങ്ങൾ കണ്ടുമറക്കാവുന്ന വെറും നിഴലും വെളിച്ചവുമില്ല, വരുംകാലത്തേക്ക് പറയാൻ ബാക്കിവെച്ച കഥകൾ കൂടിയാണ്.