നന്ദനക്ക് ഇനി സുഖമായി കേൾക്കാം
നന്ദനക്ക് ഇനി സുഖമായി കേൾക്കാം
അച്ഛൻ ബിനുവിൻറെ കൈ പിടിച്ച് നന്ദന ഗുരുവായൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൽ എത്തുമ്പോൾ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു അവളുടെ കണ്ണുകളിൽ. ആ വെളിച്ചത്തിന് മങ്ങലേറ്റില്ല. ഗുരുവായൂർ താമരയൂർ സ്വദേശിനി നന്ദന ടി ബിക്ക് അദാലത്തിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ശ്രവണ സഹായി വാഗ്ദാനം നൽകി.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബികോം ഒന്നാംവർഷ വിദ്യാർത്ഥിനിയായ നന്ദന ജന്മനാ കേൾവിക്ക് വെല്ലുവിളി നേരിടുന്നയാളാണ്. ചായക്കട ഉപജീവനമാർഗമാക്കിയ ബിനുവിന് വലിയ വെല്ലുവിളിയാണ് മകൾക്ക് ആവശ്യമായ ശ്രവണസഹായി വാങ്ങുക എന്നത്. ഒന്നരലക്ഷം രൂപ വരെ ചെലവുള്ള ശ്രവണസഹായി പരമാവധി ഉപയോഗിക്കാൻ കഴിയുക രണ്ടും വർഷം വരെയാണെന്ന് ബിനു പറയുന്നു. പരിമിതികൾക്കിടയിൽ നിന്നും ഇതുവരെയുള്ളത് ബിനുവിനെ കൊണ്ട് സാധ്യമായി. ക്യാൻസർ ബാധിതയായ ഭാര്യയും നന്ദനയെ കൂടാതെ ഒരു മകനുമുണ്ട് ബിനുവിന്. ചികിത്സാ ചിലവും ഇരു മക്കളുടെ പഠനചിലവും ജീവിതചിലവും കൂട്ടിക്കിഴിച്ചാൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ദുരവസ്ഥ ബിനു മന്ത്രിയെ ബോധിപ്പിച്ചു. കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയ മന്ത്രി കെ രാജൻ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ശ്രവണസഹായി അനുവദിക്കാൻ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജക്ക് നിർദ്ദേശം നൽകി.