അഴിമതിരഹിത ജനസേവനം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണം – മന്ത്രി കെ രാധാകൃഷ്ണൻ
അഴിമതിരഹിത ജനസേവനം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണം – മന്ത്രി കെ രാധാകൃഷ്ണൻ
അഴിമതിരഹിതവും കാര്യക്ഷമവുമായ ജനസേവനം പ്രാവൃത്തികമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിയണമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പ്രാദേശികമായി ഉടലെടുക്കുന്ന പ്രശ്നങ്ങൾ പ്രാദേശികമായി തന്നെ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്താൻ സമൂഹത്തിലെ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി കൂട്ടി ചേർത്തു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടനുബന്ധിച്ച് ചാലക്കുടി കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാലക്കുടി താലൂക്ക് തല കരതലും കൈത്താങ്ങും അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അദാലത്തിൽ ലഭിച്ച 624 പരാതികളിൽ 312 എണ്ണം തീർപ്പായി. ബാക്കി പരാതികൾ അടിയന്തര നടപടികൾ സ്വീകരിക്കാനും തീർപ്പാക്കുന്നതിനും വേണ്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ പാർലമെന്ററികാര്യ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സബ് കലക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ, എഡിഎം ടി മുരളി, റവന്യൂ ഡിവിഷണൽ ഓഫീസർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരാതികൾ പരഗണിച്ചത്. അർഹരായവർക്ക് മുൻഗണന റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.
ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയായി. വി ആർ സുനിൽകുമാർ എംഎൽഎ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമടത്തിൽ, തഹ്സിൽദാർ ഇ എൻ രാജു, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.