ഗ്രാമ വാർത്ത.

മഴയെത്തും മുമ്പേ തോടുകളിലെയും കാനകളിലെയും നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി കൈക്കൊള്ളണം: ജില്ലാ വികസന സമിതി

മഴയെത്തും മുമ്പേ തോടുകളിലെയും കാനകളിലെയും നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി കൈക്കൊള്ളണം: ജില്ലാ വികസന സമിതി

ജില്ലയിലെ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും തീരദേശ ഹൈവേ ഉള്‍പ്പെടെ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കാനകളിലും തോടുകളിലും മറ്റും സുഗമമായ നീരൊഴുക്ക് ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ വികസന സമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാല വര്‍ഷം എത്തുന്നതിന് മുമ്പ് ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണം. ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് കനാലുകള്‍, തോടുകള്‍, കാനകള്‍, പൈപ്പുകള്‍ എന്നിവ അടഞ്ഞു കിടക്കുന്ന സ്ഥിതിയുണ്ട്. അവയിലെ തടസ്സങ്ങള്‍ നീക്കിയില്ലെങ്കില്‍ മഴ പെയ്യുന്നതോടെ പരിസരങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടാവും. ഇത് മുന്നില്‍ക്കണ്ടുള്ള പരിഹാര നടപടികള്‍ സ്വീകരിക്കണം.

പുഴകളിലും ഇറിഗേഷന്‍ കനാലുകളിലും ഡാമുകളിലും അടിഞ്ഞു കൂടിയ ചെളി, മണ്ണ്, ചണ്ടി തുടങ്ങിയ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ വികസന സമിതി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയപാത നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും കടലിലേക്കുള്ള സ്വാഭാവിക ജലമൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് പ്രവൃത്തികള്‍ നടക്കുന്നതെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. വര്‍ഷക്കാലം വരുന്നതോടെ കടലാക്രമണം രൂക്ഷമാവാനിടയുള്ള പ്രദേശങ്ങളില്‍ അതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരിന്റെ ഭാഗം കോടതിയില്‍ ശരിയായി അവതരിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. മുതുവറ കാന, വടക്കേക്കളം എസ്റ്റേറ്റ് തുടങ്ങിയ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മുതുവറ കാന കേസില്‍ കോടതി സ്‌റ്റേ നീങ്ങിയ സമയത്ത് കൈയേറ്റം ഒഴിപ്പിക്കണമെന്ന ജില്ലാ വികസന സമിതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ യോഗം അതൃപ്തി രേഖപ്പെടുത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കക്ഷികളായ കൈയേറ്റം ഒഴുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഏകോപനം ജില്ലാ ലോ ഓഫീസര്‍ നിര്‍വഹിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയിലെ അനിശ്ചിതമായി നീളുന്ന വിവിധ കെഎസ്ടിപി റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് ക്വാറികളിലെ വെള്ളം ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കണം. ഇതിന് കേരള വാട്ടര്‍ അതോറിറ്റിയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പും നേതൃത്വം നല്‍കണം. കലക്ടറേറ്റ് പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടെയ്ക്ക് എ ബ്രേക്ക് കേന്ദ്രങ്ങളില്‍ യാത്രക്കാരായ പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനും മറ്റും ആവശ്യമായ സൗകര്യങ്ങള്‍ സൗകര്യങ്ങളുണ്ടെന്നും അവ അവര്‍ക്ക് ലഭിക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുചിത്വമിഷന്‍ അധികൃതര്‍ക്കും യോഗം നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ കോര്‍പറേഷനിലെ പൂളാക്കല്‍ പ്രദേശത്ത് ചേരി നിര്‍മാര്‍ജനത്തിന്റെ ഭാഗമായി നിര്‍മിച്ച ഫ്‌ളാറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു. 50 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ 500 ലിറ്റര്‍മാത്രം ശേഷിയുള്ള വാട്ടര്‍ടാങ്ക് സ്ഥാപിച്ചിട്ടുള്ളത് കാരണം ആവശ്യത്തിന് വെള്ളം തികയാതെ വരികയും നിരന്തരമായി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരികയും ചെയ്യുന്നതിനാല്‍ വെള്ളം നിറഞ്ഞൊഴുകി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പല ഇടങ്ങളിലായി ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാനും മാലിന്യ സംസ്‌ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ എ സി മൊയ്തീന്‍, കെ കെ രാമചന്ദ്രന്‍, എന്‍ കെ അക്ബര്‍, മുരളി പെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിളളി, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, കൃഷ്ണ പ്രസാദ്, ടി എം നാസര്‍, കെ കെ അജിത് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, എഡിഎം ടി മുരളി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close