സഹസ്ര ദളപദ്മം പൂവണിഞ്ഞു
സഹസ്ര ദളപദ്മം പൂവണിഞ്ഞു.
പുരാണങ്ങളിലും മറ്റും പരാമർശിച്ചിട്ടുള്ള സഹസ്ര ദളപദ്മം തീരദേശ മേഖലയിൽ ആദ്യമായി പൂവണിഞ്ഞു. എടമുട്ടം സ്വദേശി കുറുപ്പത്ത് തിലകൻ-ഹേന ദമ്പതികളുടെ വീട്ടുമുറ്റത്തെ കുളത്തിലാണ് ആയിരം ഇതളുള്ള താമര വിരിഞ്ഞത്. ഇവരുടെ കുടുംബ സുഹൃത്തായ ശുഭേന്ദു മോഹൻ ആണ് ഒരു വർഷം മുൻപ് താമരയുടെ കിഴങ്ങു നട്ടു കൊടുത്തത്. ദേവി ദേവന്മാരുടെ ഇരിപ്പിടമായി പ്രത്യേകിച്ച് സരസ്വതി ദേവിയുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളൂ. വർഷത്തിൽ ഒരിക്കൽ മാത്രം പൂവിടുന്ന ഈ പുഷ്പം മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽ മാസങ്ങളിലാണ് കേരളത്തിൽ സാധാരണ പൂവണിയാറുള്ളത്. അതും അപൂർവ്വമായി മാത്രം. കാലവർഷ സമയത്തു ഇവ പൂവിടാറില്ല. തീരദേശ മേഖലയ്ക്ക് ഇതൊരു ആദ്യ കാഴ്ച ആയതുകൊണ്ട് തന്നെ ആയിരം ഇതളുള്ള ഈ താമര കാണാൻ ഏറെ കാഴ്ചക്കാരും ഇവിടേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ്.