അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന്
അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന്
സ്വാഗതസംഘം രൂപീകരിച്ചു
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജൂൺ ഒമ്പതിന് രാത്രി 7.30 ന് നിർവഹിക്കും. മന്ത്രിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെയാണ് അഴീക്കോട് – മുനമ്പം പാലം തമ്മിൽ ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച്
അഴീക്കോട് ഫോർ സീസൺ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഐ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗതസംഘം രക്ഷാധികാരികളായി മന്ത്രിമാരായ കെ രാജൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ , എറണാകുളം, തൃശൂർ ജില്ലകളിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കലക്ടർമാരും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെ തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയെയും വൈസ് ചെയർമാൻമാരായി രാഷ്ട്രീയ പാർട്ടി നേതാക്കളെയും ജനറൽ കൺവീനറായി എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലത്തിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാംസ്കാരിക – സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.