ഗണേശന് പ്രകാശമായി; വൈദ്യുതി എത്തുന്നത് വരെ കാത്തിരുന്ന്.സി സി മുകുന്ദൻ എം എൽ എ
ഗണേശന് പ്രകാശമായി; വൈദ്യുതി എത്തുന്നത് വരെ കാത്തിരുന്ന്.സി സി മുകുന്ദൻ എം എൽ എ
ദിവസങ്ങൾ നീണ്ട ഇരുട്ടിൽ നിന്ന് ചേർപ്പ് തിരുവുള്ളക്കാവിലെ കൊഴുക്കുള്ളിപറമ്പിൽ ഗണേശനും കുടുംബവും വെളിച്ചത്തിലേക്ക്. രണ്ടാഴ്ച മുമ്പ് ഇലക്ട്രിസിറ്റി ബിൽ കുടിശിക വന്നതോടെയാണ് ഗണേശന്റെ വീട്ടിലെ കണക്ഷൻ കെ.എസ്.ഇ.ബി കട്ട് ചെയ്തത്. നെഞ്ചുരോഗത്തെ തുടർന്ന് ജോലിചെയ്യാൻ പറ്റാതെ തളർന്നിരിക്കുന്ന ഗണേശൻ ഇതോടെ ഇരുട്ടിലായി. സംഭവമറിഞ്ഞ സി സി മുകുന്ദൻ എംഎൽഎ ഗണേശന്റെ വീട്ടിലെത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും ഉടൻ തന്നെ വൈദ്യുതി കണക്ഷൻ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. സർക്കാരിൻ്റെ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഗണേശൻ.
ഉദ്യോഗസ്ഥരെത്തി കണക്ഷൻ നൽകിയതിന് ശേഷമേ ഗണേശന്റെ വീട്ടിൽ നിന്ന് പോകുകയുള്ളുവെന്ന് തീരുമാനിച്ച എംഎൽഎ ഗണേശന്റെ വീട്ടിൽ ബൾബ് ഓൺ ചെയ്ത ശേഷം മാത്രമാണ് മടങ്ങിയത്.
പാവപ്പെട്ടവർ ഒരിക്കലും കഷ്ടപ്പാടും ദുരിതവും അനുഭവിക്കാൻ പാടില്ലെന്നത് സർക്കാർ നയമാണെന്നും ആ നയത്തിന്റെ ഭാഗമായാണ് ഗണേശന് വൈദ്യുതി ലഭ്യമാക്കുന്നതെന്നും ഗണേഷിന്റെ വീട്ടിലെത്തിയ എംഎൽഎ പറഞ്ഞു. വൈദ്യുതി കണക്ഷൻ നൽകുന്നതിൽ മാത്രമല്ല ഗണേശന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ട ഇടപെടൽ നടത്തും. ദയനീയാവസ്ഥയിലായ വീടിന് ശാശ്വതപരിഹാരമായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുമായി സംസാരിച്ച് ധാരണയുണ്ടാക്കും. അദ്ദേഹത്തിന്റെ കുടുംബപരമായ വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.