തൃപ്രയാർ ബസ് സ്റ്റാൻഡിൽ പട്ടി ചത്തു ചീഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത് നാട്ടികക്ക് അപമാനം- കോൺഗ്രസ് തൃപ്രയാർ- ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി വന്നു പോവുകയും ബസ് തൊഴിലാളികളും, ഓട്ടോറിക്ഷ തൊഴിലാളികളും കച്ചവടക്കാരും വിദ്യാർത്ഥികളും യാത്രക്കാരും ഉൾപ്പെടെ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്ന തൃപ്രയാർ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഉപയോഗ ശൂന്യമായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനങ്ങാത്ത സിപിഎം പഞ്ചായത്ത് ഭരണസമിതിയാണ് നാട്ടികയിൽ ഭരണം നടത്തുന്നത് എന്ന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ആരോപിച്ചു.ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ പട്ടി ചത്തു നാറിയിട്ട് ആഴ്ചകൾ പിന്നിടുകയാണ്. ദിവസേന ആയിരക്കണക്കിന് വന്നു പോകുന്ന വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും ബസ്റ്റാൻഡിലേക്ക് കടക്കണമെങ്കിൽ മൂക്ക് പൊത്തി മാത്രമേ കടക്കാൻ സാധിക്കുകയുള്ളൂ. രണ്ട് ആഴ്ചയിൽ മേലെയായി ചത്തു ചീഞ്ഞു അഴുകിയ നിലയിൽ കിടക്കുന്ന പട്ടിയെ ഒന്ന് കുഴിച്ചു മൂടാനോ നടപടി സ്വീകരിക്കാനോ പഞ്ചായത്ത് തയ്യാറാകുന്നില്ല. ഒന്നിനും കൊള്ളാത്ത നിശ്ചലമായ പഞ്ചായത്ത് നാട്ടികകാർക്ക് അപമാനമാണെന്ന് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി ആരോപിച്ചു. നാട്ടികയിലെ യുഡിഎഫ് പഞ്ചായത്ത് ഭരണകാലത്ത് നിർമ്മൽ പുരസ്കാരം നേടിയ പഞ്ചായത്ത് ആണ് നാട്ടിക. അഞ്ചുലക്ഷം രൂപ നാട്ടിക ഗ്രാമപഞ്ചായത്തിന് പാരിതോഷികമായി ലഭിക്കുകയും ചെയ്തു .ഇപ്പോൾ നാട്ടികയിൽ കാണുന്നത് പലയിടങ്ങളിലും മാലിന്യം കുന്നു കൂടി കിടക്കുന്നത് ആണു. യുഡിഎഫ് ഭരണകാലത്ത് പൂർണ ശുചിത്വവും മാലിന്യ സംസ്കരണത്തിനും ആവശ്യമായ നടപടികളും സ്വീകരിച്ചു വന്നിട്ടുണ്ടെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി ഐ ഷൗക്കത്തലി പറഞ്ഞു. ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണവും നവീകരണവും പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടുന്നില്ല എന്നും ജനങ്ങൾക്ക് ബാധ്യതയായി നാട്ടിക ഗ്രാമപഞ്ചായത്ത് മാറിയിരിക്കുന്നു എന്നും ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്തലി കൂട്ടിച്ചേർത്തു.എത്രയും പെട്ടന്ന് ബസ് സ്റ്റാൻഡ് വൃത്തിയാക്കി കംഫർട്ട് സ്റ്റേഷൻ യാത്രക്കാർക്ക് തുറന്ന് കൊടുക്കണമെന്നും അല്ലാത്ത പക്ഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജനകീയ സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഐ ഷൗക്കത്തലി, ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റു പറമ്പത്ത്, ബിന്ദു പ്രദീപ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടിവി ഷൈൻ. മത്സ്യത്തൊഴിലാളി വിയോജകമണ്ഡലം പ്രസിഡന്റ് പിസി ജയപാലൻ, ബാബു പനക്കൽ, തുടങ്ങിയവർ പ്രതിഷേധത്തിന് സന്നിഹിതരായിരുന്നു.