ഗ്രാമ വാർത്ത.

പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം; ഗാന്ധിഭവനിലെ അച്ഛന്മാർക്ക് താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു

ഇരുപത് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം
നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എം.എ.യൂസഫലി
പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം. അന്തേവാസികളായ അമ്മമാർക്ക് പിന്നാലെ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു. ഇരുപത് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം. ക്രിസ്മസ് ദിനത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.

ആയിരത്തിമുന്നൂറോളം അഗതികൾക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായാണ് എം.എ.യൂസഫലിയുടെ പുതുവർഷ സമ്മാനം. ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ ബഹുനില മന്ദിരത്തിന് എം.എ.യൂസഫലി തറക്കല്ലിട്ടു.

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുവാൻ പതിനഞ്ചു കോടിയിലധികം തുക മുടക്കി യൂസഫലി നിർമ്മിച്ചുനൽകിയ ബഹുനില മന്ദിരത്തിനു സമീപത്തായാണ് പുതിയ കെട്ടിടം ഉയരുന്നത്. മൂന്ന് നിലകളായാണ് നിർമ്മാണം. അതിനും മുകളിലായി 700 പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാഹാളുമുണ്ടാകും.

Read Also : ‘ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’; ഇരുകൈകളും ഇല്ലാത്ത പ്രണവിന് ജോലി നല്‍കി എം എ യൂസഫലി

അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ, ലിഫ്റ്റുകൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾഎന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് എം.എ.യൂസഫലി പറഞ്ഞു.

ഗാന്ധിഭവനിലെ അമ്മമാർക്കും അച്ഛന്മാർക്കുമൊപ്പം കേക്കു മുറിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close