മതിലകം സ്വദേശിയായ മാധ്യമ പ്രവർത്തകൻ സുബിൻ കണ്ണദാസിന് ദേശീയ അവാർഡ്
തൃശൂർ : മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിക്കുള്ള പതിനഞ്ചാമത് ഭരത് പി ജെ ആന്റണി സ്മാരക ദേശീയ അവാർഡ് മതിലകം സ്വദേശി സുബിൻ കണ്ണദാസ് സംവിധാനം നിർവഹിച്ച പാരമ്പര്യത്തിലൂന്നിയ വിസ്മയത്തിന്. അന്യം നിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത തൊഴിൽ മേഖലയായ തഴപ്പായ നെയ്ത്തായിരുന്നു തിരുവനന്തപുരം ദൂരദർശൻ നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രമേയം . തൊഴിലാളികളുടെ ദുരിതവും സർക്കാരിന്റെ അവഗണനയും അതിജീവനത്തിന്റെ സാധ്യതകളും നേർക്കാഴ്ചയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ഡോക്യൂമെന്ററിയിൽ വിവിധ തലമുറകളിലെ തൊഴിലാളികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഒരു കാലഘട്ടത്തിൽ നിരവധി കുടുംബങ്ങൾക്ക് ജീവിധോപാധി ആയിരുന്നു തഴപ്പായ നെയ്ത്. കൈത ഓലയിൽ നിന്നും നിർമ്മിക്കുന്ന തഴപ്പായ നിർമ്മാണ മേഖലയെ സംരക്ഷിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെക്കുന്നത് . മികച്ച വിവരണത്തിനുള്ള ദേശീയ അവാർഡ് പാരമ്പര്യത്തിലൂന്നിയ വിസ്മയത്തിനു ശബ്ദം നൽകിയ പ്രൊഫ. അലിയാറിനാണ്. ക്യാമറ ജെ.സജീവ് കുമാറും എഡിറ്റിംഗ് കൈലാസ് കാർത്തികേയനുമാണ്. 21 മിനിട്ടു 34 സെക്കൻഡാണ് പരിപാടിയുടെ ദൈർഘ്യം. അറക്കൽ സുകുമാരന്റെയും ബേബിയുടെയും മകനായ സുബിൻ കണ്ണദാസ്. കൊടുങ്ങല്ലൂർ ഭരണിയെക്കുറിച്ചു സുബിൻ കണ്ണദാസ് രചനയും സംവിധാനവും നിർവഹിച്ച ” അവകാശത്തറകളിലേക്ക് ” എന്ന ഡോക്യൂമെന്ററി ശ്രദ്ധേയമായിരുന്നു. ഈ മാസം 30 ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വൈകീട്ട് 5 ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. റവന്യൂ മന്ത്രി കെ.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിതാനന്ദൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും.