മികച്ച മാതൃക വ്യക്തി; അനിഷ അഷറഫ്
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ് 2023 ൽ മികച്ച മാതൃക വ്യക്തി പുരസ്കാരം അനിഷ അഷ്റഫിനെ തേടിയെത്തി. പ്രതിസന്ധികളിൽ തളരാതെ ജീവിത സാഹചര്യങ്ങളോട് പൊരുതി അനീഷ അഷറഫ് നൽകുന്ന മാതൃക എല്ലാവർക്കും പോരാട്ടത്തിന്റെ കരുത്താണ്. മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖത്തോട് പൊരുതി തന്റെ ആഗ്രഹങ്ങൾക്കായി കഠിനപ്രയത്നം ചെയ്യുന്ന അനിഷ അഷറഫ് പുതിയ തലമുറയ്ക്ക് മാതൃകയാണ്.
മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം പിടിപെടുന്നത്. അധികനേരം ഇരിക്കാനാ എഴുതാനോ കഴിയില്ല. രോഗത്തെ തുടര്‍ന്ന് അഞ്ചാം ക്ലാസ് ജയിച്ചിട്ടും ആറാം ക്ലാസിലേക്ക് പോകാനായില്ല. 22 വര്‍ഷത്തിനപ്പുറം സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ഏഴാം തരം തുല്യതാ പരീക്ഷ സ്വന്തം വീട്ടിലിരുന്ന് എഴുതി. ഇടം ഡിജിറ്റല്‍ മാഗസിന് ചീഫ് എഡിറ്റര്‍, ഇടം പ്രോജക്ട് കോഡിനേറ്റര്‍, എഴുത്തുകാരി, ഫാൻസി ആഭരണ നിർമ്മാണം, ചിത്രരചന എന്നീ മേഖലകളിലെല്ലാം തിളങ്ങി നില്‍ക്കുകയാണ് അനിഷ. പഠിച്ച് ആരാകണം എന്ന ചോദ്യത്തിന് അറിയപ്പെടുന്ന എഴുത്തുകാരി, അതിനപ്പുറത്തേക്ക് മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്നതിന് ഭിന്നശേഷിക്കാരായവര്‍ക്ക് ഒരു പ്രചോദനമാകണമെന്നാണ് അനിഷയുടെ സ്വപ്നം.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിൽ തൃശ്ശൂർ ജില്ലയിലെ പ്രഭാത യോഗത്തിൽ പങ്കെടുത്ത് ഭിന്നശേഷി വിഭാഗത്തിന് ഉറപ്പാക്കേണ്ട ആരോഗ്യ വിദ്യാഭ്യാസ ആവശ്യങ്ങളെക്കുറിച്ച് സംവദിച്ചു. ഈ കാലഘട്ടത്തിൽ സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമായി വരികയാണ്. എന്നാൽ മുൻകാലങ്ങളിൽ ഇടയ്ക്ക് വെച്ച് പഠനം നിർത്തിയവർക്ക് തുടർപഠനത്തിനും ജനിറ്റിക് ടെസ്റ്റ് ഉൾപ്പെടെയുള്ള ആരോഗ്യ സേവനങ്ങളും എല്ലാ ഭിന്നശേഷിക്കാർക്കും ഒരുക്കണമെന്ന ആവശ്യങ്ങൾ സാമൂഹികനീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു , ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരെ നേരിട്ട് കണ്ട് പങ്കുവെച്ചിരുന്നു.
കോഴിക്കോട് വെള്ളിമാട്കുന്ന് ജെന്റര്‍ പാര്‍ക്കില്‍ നടന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് വിതരണ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസില്‍ നിന്നും അനിഷ മികച്ച മാതൃക വ്യക്തി പുരസ്കാരം ഏറ്റുവാങ്ങി. ഒരുപാട് പേർക്കുള്ള പ്രതീക്ഷയും പ്രചോദനവുമാവുകയാണ് അനിഷക്ക് ലഭിച്ച ഈ അംഗീകാരം..