തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്. തൃപ്രയാർ : തൃപ്രയാർ ശ്രീരാമ ക്ഷേത്ര പാരമ്പര്യ നിവർത്തക സമിതിയുടെ ശ്രീരാമ സേവാ സുവർണ മുദ്ര പുരസ്കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമ്മാനിക്കും. ആറാട്ടുപുഴ പൂരത്തിൽ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കാണ് പുരസ്കാരം നൽകുന്നത്. 11 -ാം വയസ് മുതൽ ക്ഷേത്ര ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരുന്നു 76 ക്കാരനായ ഉണ്ണികൃഷ്ണൻ നമ്പൂതിരി. കഴിഞ്ഞ വർഷം തൃക്കോൽ ശാന്തിയായിരുന്ന പത്മനാഭൻ എമ്പ്രാതിരിക്കായിരുന്നു പുരസ്കാരം. രണ്ടര ഗ്രാം തൂക്കം ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത സുവർണ മുദ്രയും ഫലകവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 14 ന് തൃപ്രയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.മാധവമേനോൻ, ജനറൽ കൺവീനർ കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു. താന്ന്യം വടക്കുംമുറി ചെമ്മാപ്പിള്ളിയിലാണ് വീട്. പ്രമുഖ ആയൂർ വേദ ഡോക്ടറായ അദ്ദേഹം തോന്നിയക്കാവ്, തിരുവാണിക്കാവ്, മുരിയാംകുളങ്ങര തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ മേൽശാന്തിമാരുടെ സഹായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : റിട്ട. അദ്ധ്യാപിക വത്സല അന്തർജനം. അദ്ധ്യാപകനായ രാമദാസ്, ആയൂർവേദ ഡോക്ടറായ കൃഷ്ണദാസ് എന്നിവർ മക്കളാണ്.