*യുവതിയും മകളും മരിച്ച സംഭവത്തിൽ ഭർതൃ സഹോദരനും മാതാവും അറസ്റ്റിൽ.* അന്തിക്കാട്: യുവതിയേയും ഒന്നര വയസ്സായ മകളേയും പാലാഴി വിനസ്ക്ലബിനുസമീപം ചകിരികുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃസഹോദരനും അമ്മയും അറസ്റ്റിലായി. അന്തിക്കാട് കല്ലിട വഴി കിഴക്ക് ചോണാട്ട് അനിത (57), മകൻ അഷിൽ (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാവിലെ അന്തിക്കാട് സിഐ വി.എസ്.വിനീഷിൻ്റെ നേതൃത്വത്തിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതി റിമാൻ്റ് ചെയ്തു. അന്തിക്കാട്ചോണാട്ടിൽ അഖിലിൻ്റെ ഭാര്യ കൃഷ്ണപ്രിയ (24) മകൾ പൂജിത (ഒന്നര) എന്നിവരെയാണ് ഏപ്രിൽ 30 ന് രാവിലെ മണലൂരിലെ പാലാഴി വിനസ്ക്ലബിനുസമീപം ചകിരികുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെളിയിൽ പുതഞ്ഞ നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ. കാഞ്ഞാണി ആനക്കാട് കുന്നത്തുള്ളി പദ്മനാഭൻ്റെയും ഷൈലജയുടെയും മകളാണ് മരിച്ച കൃഷ്ണപ്രിയ. ഏപ്രിൽ 29 ന് പകൽ 2 മുതലാണ് യുവതിയേയും കുഞ്ഞിനേയും കാണാതായത്. ഭർത്താവിൻ്റെ ഫോൺ വന്നതിനെ തുടർന്ന് കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽ നിന്നും അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയും കുഞ്ഞും രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അഖിൽ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടന്ന് അന്വേഷണം നടത്തുന്നതിനിടെ ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതിയുടെ മരണത്തെ കുറിച്ച് അന്തിക്കാട് എസ്എച്ച്ഒ നടത്തിയ തുടർ അന്വേഷണത്തിലാണ് ഐപിസി 306 വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിന് ഇരുവരും അറസ്റ്റിലായത്.