ചേർക്കരദേശം കാവടി ആഘോഷകമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

നാട്ടിക:- ചേർക്കര ദേശം കാവടി ആഘോഷകമ്മിറ്റിയുടെ ഓഫീസ് തൃശ്ശൂർ ജില്ല ക്രൈയിം ബ്രാഞ്ച് SP ശ്രീ ടി കെ സുബ്രഹ്മണ്യൻ (IPS) ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും ആധിക്യം കൂടിവരുന്ന ഈ കാലത്ത് ഇത്തരം കൂട്ടായ്മകൾക്കും ക്ലബ്ബുകൾക്കും കൂടുതൽ ഉത്തരവാദിത്തം പൊതുസമൂഹത്തോട് ഉണ്ടെന്നും. ആഘോഷങ്ങൾക്കൊപ്പം സമൂഹത്തിൽ താഴെത്തട്ടിലുള്ളവരെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചാരിറ്റിയും കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും, കലാ കായിക മത്സരങ്ങളും നാട്ടിൽ വളർത്തിയെടുക്കുന്നതിനും നേതൃത്വം കൊടുക്കുവാൻ ചേർക്കരദേശം കാവടി ആഘോഷകമ്മിറ്റിക്ക് കഴിയണമെന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാരിറ്റിപ്രവർത്തനത്തനങ്ങളുടെ ആദ്യ ഘട്ടമായി ചേർക്കര ദേശത്തെ മരണവീടുകളിലേക്ക് ആവശ്യമായ കസാര, മേശ, ടർപൊളിൻ, മൃതദേഹം കുളിപ്പിക്കുന്നതിനുള്ള ടേബിൾ തുടങ്ങിയ ആവശ്യ സാധനങ്ങൾ ഓഫീസിൽനിന്നും വാടകയേതും നൽകാതെയുള്ള സേവനം ഇന്നുമുതൽ ഉണ്ടായിരിക്കുമെന്ന് സ്വാഗതം പറഞ്ഞുകൊണ്ട് സെക്രട്ടറി പി സി മണികണ്ഠൻ പറഞ്ഞു. പ്രസിഡന്റ് കെ ജി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ സ്നിതീഷ് തിലകൻ, രക്ഷാധികാരി ശിവലാൽ എ ജി തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സതീഷ് വി എസ് ചടങ്ങിന് നന്ദി പറഞ്ഞു.