കല’ മുതല്‍ ‘കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയല്‍’ വരെ- വേറിട്ട പാനല്‍ ചര്‍ച്ചകളോടെ കുടുംബശ്രീ രജതജൂബിലി സമാപനാഘോഷ ചടങ്ങുകള്‍ക്ക് പ്രൗഢഗംഭീര തുടക്കം
‘കല’ മുതല്‍ ‘കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയല്‍’ വരെ- വേറിട്ട പാനല്‍ ചര്‍ച്ചകളോടെ കുടുംബശ്രീ രജതജൂബിലി സമാപനാഘോഷ ചടങ്ങുകള്‍ക്ക് പ്രൗഢഗംഭീര തുടക്കം
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കൊണ്ട് കേരള സമൂഹത്തില്‍ അതിശക്തമായ വേരോട്ടം നേടി 46 ലക്ഷം വനിതകളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മെയ് 15ന് പ്രോജ്ജ്വല തുടക്കം. മലപ്പുറം ജില്ലയിലെ അമരമ്പലം സി.ഡി.എസിലെ സംഘചേതന അയല്‍ക്കൂട്ടാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികളായിരുന്നു ആദ്യം. തുടര്‍ന്ന് കല, സംരംഭകത്വം എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും പ്രതിസന്ധികളെ തരണം ചെയ്തവരുമായ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകള്‍.
മാധ്യമപ്രവര്‍ത്തകയായ രേഖ മേനോന്‍ നയിച്ച ‘കല-ആത്മാവിഷ്‌കാരത്തിന്റെയും സാമൂഹ്യ മാറ്റത്തിന്റെയും മാധ്യമം’ എന്ന പാനല്‍ ചര്‍ച്ച തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് വേദിയൊരുക്കി. അക്രമത്തിനെതിരാണ് കലയെന്നും കല മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം മനുഷ്യ സ്‌നേഹവും മാനവികതയുമാണെന്നും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സി.എസ് ചന്ദ്രിക പറഞ്ഞു. കുടുംബശ്രീ വനിതകള്‍ പല മേഖലകളിലും മാതൃകകളായി മുന്നോട്ടു വരുന്നത് ആവേശവും ഊര്‍ജ്ജവും പകരുന്ന അനുഭവമാണെന്ന് ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് അഭിപ്രായപ്പെട്ടു. സിനിമാ രംഗത്തു കൂടി കുടുംബശ്രീ സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചും അവര്‍ ഓര്‍മ്മപ്പെടുത്തി. കുടുംബശ്രീ കേരളത്തിലെ സ്ത്രീകളെ അങ്ങേയറ്റം സ്വാധീനശേഷിയുള്ള മനുഷ്യരാക്കി മാറ്റുന്നുവെന്നും ആയിരക്കണത്തിന് സ്ത്രീകള്‍ ഉള്‍പ്പെടുന്ന പെണ്‍സാഗരമായ കുടുംബശ്രീയിലെ ഒരു കണികയായതില്‍ അഭിമാനിക്കുന്നുവെന്നും ആര്‍ട്ടിസ്റ്റ് കവിതാ ബാലകൃഷ്ണനും പറഞ്ഞു. രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങളായ ദീപ്തി, ബിജി.എം, കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മെന്റര്‍ ആനി വിശ്വനാഥ്, കുടുംബശ്രീ സംരംഭകയും കവയിത്രിയുമായ ദീപാ മോഹനന്‍ എന്നിവര്‍ കുടുംബശ്രീയുടെ കരുത്തില്‍ തങ്ങള്‍ നേടിയ വിജയാനുഭവങ്ങള്‍ പങ്കു വച്ചു.
‘വനിതാ സംരംഭകര്‍, സാമൂഹികമാറ്റത്തിനുള്ള ചാലക ശക്തികള്‍’ എന്നതായിരുന്നു ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയ ഡോ. നിര്‍മ്മല സാനു ജോര്‍ജ് നിയന്ത്രിച്ച ചര്‍ച്ചയയുടെ വിഷയം. സ്ത്രീ സംരംഭകര്‍ നേരിടുന്ന ആണ്‍കോയ്മ വ്യവസ്ഥ രൂപപ്പെടുത്തിയ വെല്ലുവിളികളെ നേരിടാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് ഐ.ഐ.ടി പ്രൊഫസര്‍ ആയ ഡോ. ബിനിത തമ്പി പറഞ്ഞു. മികച്ച സംരംഭകര്‍ ഒരുപാടുള്ള കുടുംബശ്രീയില്‍ വിജയം കൈവരിക്കാനാകാതെ പോകുന്ന സംരംഭകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനുള്ള സംവിധാനം കുടുംബശ്രീയില്‍ തന്നെ രൂപീകരിക്കണം എന്നും അവര്‍ അഭിപ്രായപ്പെട്ടു. അഞ്ചാം ക്ലാസിലെ ആദ്യ നിലമ്പൂര്‍ യാത്രയിലൂടെ യാത്രകളെ സ്‌നേഹിച്ചു തുടങ്ങിയ വിമന്‍സ് ട്രാവല്‍ ഗ്രൂപ്പ് ആയ ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാമ്പിന്റെ സ്ഥാപക ഗീതു മോഹന്‍ദാസ്, താന്‍ നടത്തിയ യാത്രകളിലെ അനുഭവം പങ്കുവെച്ചതിനോടൊപ്പം, ടൂറിസം മേഖലയിലൂടെ കുടുംബശ്രീ സംരംഭകര്‍ക്കുണ്ടാകുന്ന വിപണന സാധ്യതകളെക്കുറിച്ചും സംസാരിച്ചു.
സ്വന്തം സംരംഭം എന്ന ആഗ്രഹത്തില്‍ ആരംഭിച്ച നുട്രിമിക്‌സ് യൂണിറ്റ്, ഇന്ന് പ്രതിവര്‍ഷം രണ്ടരക്കോടിയോളം ടേണ്‍ ഓവറുള്ള വളര്‍ന്നതിന്റെ സന്തോഷമാണ് കുടുംബശ്രീ സംരഭകയായ ഭാഗീരഥി പങ്കുവെച്ചത്. കുടുംബശ്രീയുടെ പ്രോത്സാഹനത്തോടെ ഡിഗ്രിയും പിജിയും പൂര്‍ത്തിയാക്കിയ ഭാഗീരഥി ഇപ്പോള്‍ പി എച്ച് ഡി എടുക്കാനുള്ള ശ്രമത്തിലാണ്. തന്റെ അറുപതുകളിലും ഒരുപാട് പേര്‍ക്ക് പ്രചോദനവും, വഴികാട്ടിയുമായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. അധ്യാപനം ഉപേക്ഷിച്ച് കൃഷിയിലേക്ക് വന്നതിലൂടെ തന്റെ ചുറ്റിലുമുള്ള ഒരുപാട് വനിതകള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതിലുള്ള സന്തോഷമാണ് കര്‍ഷകയും വനിതാ സംരംഭകയുമായ സന്ധ്യ പങ്കുവെച്ചത്. ക്യാന്‍സറിനു മുന്നില്‍ പകച്ചുനിന്ന വിജയ, 20 വര്‍ഷങ്ങള്‍ക്കുശേഷം ഈ വേദിയില്‍ നില്‍ക്കാന്‍ കാരണമായത് കുടുംബശ്രീയാണെന്നും ടെക്‌നോവേള്‍ഡ് ഐടി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്റെ രോഗത്തെക്കുറിച്ച് മറന്നുപോകാറുണ്ടെന്നും പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹായത്താല്‍ തന്റെ സംരംഭം വിജയകരമായി മുന്നോട്ട് പോകുന്നതിന്റെ സന്തോഷം പങ്കുവച്ചു
മീറ്റ് ആന്‍ഡ് എഗ്ഗ് എക്‌സ്‌പോര്‍ട്‌സ് ഉടമയായ റുമാന. കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മെന്റര്‍ ആയ ജിബി വര്‍ഗ്ഗീസ് തന്റെ കുടുംബശ്രീ അനുഭവങ്ങളും ചര്‍ച്ചയില്‍ പങ്ക് വെച്ചു.
തിരുവനന്തപുരം റൂറല്‍ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് നിയന്ത്രിച്ച മൂന്നാം ചര്‍ച്ചയായ ‘കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയല്‍’ ഏറെ കാലിക പ്രസക്തമായ വിഷയമാണ് ചര്‍ച്ച ചെയ്തത്. പോക്‌സോ കോടതി പ്രത്യേക ജഡ്ജി ആജ് സുദര്‍ശന്‍, ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ ചെല്‍സാസിനി വി ഐ.എ.എസ്, ജോസഫൈന്‍ (കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ്), നിര്‍ഭയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ. ശ്രീല മേനോന്‍ എന്നിവര്‍ക്കൊപ്പം കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍ രജനി, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സാവിത്രി വി.എല്‍, എന്‍.ആര്‍.ഒ മെന്റര്‍ സുനിത എന്നിവരും ചര്‍ച്ചയുടെ ഭാഗമായി.