നീയും പറയരുത്ഞാൻ നിൻ്റെ കൂട്ടെന്ന്
ഒരു കൂട്ട് …
അതെ ഒരു കൂട്ടു വേണം
ചുമ്മാ …
മിണ്ടിപ്പറഞ്ഞിരിക്കാൻ
ഒരു കൂട്ട്….
തമ്മിൽ
മിണ്ടുമ്പോഴൊക്കെ
ചൂടു കടല കൊറിച്ച്
തോളുരുമ്മി
കടൽത്തിരകളിൽ
കാൽ നനച്ച്
കടൽക്കാറ്റുപ്പു രുചിച്ച്
വിരൽ കോർത്തു
നടക്കും പോലെ
തോന്നിപ്പിക്കുന്ന കൂട്ട്
വാക്കുകളുടെ വേരു
ചികഞ്ഞു പോവാതെ
എൻ്റെ പൊട്ടത്തരങ്ങളെ
അപ്പാടെ ചിരിയുടെ
അലുക്കിട്ട്
തൻ്റേതാക്കുന്ന കൂട്ട്’
ഉള്ളെരിഞ്ഞാലും
ഉള്ളു നിറഞ്ഞാലും
ഉള്ളാലെ ആദ്യം
തിരയുന്നൊരാള്
വാക്കുകളുടെ
പൂമെത്തയിൽ
തോളുരുമ്മിയിരിക്കാനും
തല്ലുകൂടി തിരിഞ്ഞു
നടക്കാനും
നീയില്ലാതെ
പറ്റില്ലെന്ന് പറഞ്ഞ്
തിരിച്ചോടിയെത്താനും
എനിക്കൊരു കൂട്ട് വേണം
എൻ്റേതു മാത്രമായൊരു കൂട്ട്.
പ്രണയത്തിൻ്റെ
ചുവപ്പു പടരാത്ത
ഹൃദയ വഴികളിൽ
നിലാവിൻ്റെ നീല പുതച്ച്
മാനത്തെ പിടി വിട്ടു വീണ
നക്ഷത്രക്കുഞ്ഞുങ്ങളെ
കണ്ണിലൊളിപ്പിച്ച്
വാക്കുകളുടെ
മധുരം നുണഞ്ഞ്
അവസാനമില്ലാത്ത
വഴികളത്രയും
വിരൽ കോർത്തു പിടിച്ച്
നടന്നു തീർക്കാനൊരു കൂട്ട്
ഞാൻ ഒരിക്കലും
പറയില്ല
നീയെൻ്റെ
കൂട്ട് എന്ന്…
നീയും
പറയരുത്
ഞാൻ
നിൻ്റെ കൂട്ടെന്ന്..
പറയാതറിയണം
പറഞ്ഞറിയിക്കാനാവാത്ത
മധുരമാവണം കൂട്ട് ..❣️