രാജ്യം നേരിടുന്നത് ഭരണഘടനാ പ്രതിസന്ധി -സി.പി. ജോൺ
തീവ്രഹിന്ദുത്വത്തിന് മൃദുഹിന്ദുത്വം പരിഹാരമല്ല –
ടി.എൻ. പ്രതാപൻ
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിന് മുദുഹിന്ദുത്വം പരിഹാരമല്ലെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രസ്താവിച്ചു.
2024-ൽ ബി.ജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യയെന്ന രാജ്യം തന്നെ ഭൂപടത്തിൽ ഇല്ലാതായേക്കും. നിയമ നിർമ്മാണ സഭയെന്ന നിലയിൽ പാർലമെന്റിനെ അപ്രസക്തമാക്കുന്ന നടപടികളാണുണ്ടാവുന്നത്. സജീവമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ശക്തി. പാർലമെന്റിലെ അംഗബലം കണക്കിലെടുക്കാതെ കമ്യൂണിസ്റ്റായ എ.കെ.ജി.യെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാൻ ജവഹർലാൽ നെഹ്രു തയ്യാറായി. എ.കെ.ജിയുടെ പ്രസംഗങ്ങൾ മുഴുവൻ കേട്ട് കുറിപ്പുകളെടുത്ത് ക്രിയാത്മക നിർദ്ദേശങ്ങൾ സ്വീകരിക്കാൻ നഹ്രു തയ്യാറായിരുന്നുവെന്ന് പ്രതാപൻ ഓർമ്മിപ്പിച്ചു. ഭരണമല്ല രാജ്യമാണ് വലുത് എന്ന നിലപാടിലേക്ക് പ്രതിപക്ഷ കക്ഷികൾ മാറണം. അതിനായി മൈന്റ് സെറ്റ് മാറ്റാൻ പ്രതിപക്ഷത്തിനു കഴിയണമെന്ന് പ്രതാപൻ അഭ്യർത്ഥിച്ചു. പ്രതിപക്ഷത്തിന്റെ യോജിപ്പിനായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുവീഴ്ചക്കു ച തയ്യാറാവണമെന്ന് പ്രതാപൻ വ്യക്തമാക്കി.
ആർ.എം പി. ഐ. ലോക്കൽ കമ്മിറ്റി തളിക്കുളത്തെ ബദൽ രാഷ്ട്രീയ സമരങ്ങളുടെ 20-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സമകാലികരാഷ്ട്രീയവും ജനാധിപത്യ കടമകളും’ സെമിനാർ ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.
രാജ്യം നേരിടുന്നത് ഭരണഘടനാ പ്രതിസന്ധി -സി.പി. ജോൺ
ഇന്ത്യ ഇന്ന് ഭരണഘടനാ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നതെന്ന് യു.ഡി.എഫ് സെക്രട്ടറിയും സി.എം.പി ജനറൽ സെക്രട്ടറിയുമായ സി.പി. ജോൺ ചൂണ്ടിക്കാട്ടി. എല്ലാവരും കോൺസ്റ്റിന്റുവന്റ് അസംബ്ലിയിലെ ചർച്ചകൾ പരിശോധിക്കുന്നു. കമ്പിയും കാലും ശീലയും മാറുന്ന ഭരണഘടനക്ക് പഴയപടി നിലനിൽക്കാനാവില്ല. അതുകൊണ്ട് ഭരണഘടനാ തത്വങ്ങളുടെ വീണ്ടടുപ്പിനായി പ്രവർത്തിക്കേണ്ടിവരുമെന്ന് ജോൺ സൂചിപ്പിച്ചു.
ഇന്ത്യയിലിതുവരെ ദൃശ്യമായിട്ടില്ലാത്ത വിധം മണിപ്പൂർ ആഭ്യന്തരകലാപത്തിലാണ്. ഭരണത്തിന്റെ തണലിൽ സൈന്യത്തിന്റെ ആധുനിക ആയുധങ്ങളുമായാണ് കലാപകാരികൾ ആക്രമണം നയിക്കുന്നത്. ബി.ജെ.പി അനുകൂലികൾ തന്നെ കേന്ദ്രമന്ത്രിയുടെ വീടാക്രമിക്കുന്നു. ഈ ഘട്ടത്തിൽ ഉറച്ച നിലപാടെടുത്ത് പ്രതിപക്ഷത്തെ നയിക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് ജോൺ അഭിപ്രായപ്പെട്ടു. ഉറച്ച നിലപാടെടുക്കാത്ത നിതീഷ് കുമാറോ ഏതെങ്കിലും പ്രാദേശിക പാർട്ടി നേതാക്കളോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവുന്നത് ഉചിതമല്ല. കോൺഗ്രസ് മടിച്ചു നിൽക്കാതെ രാഹുൽ ഗാന്ധിയേയോ മല്ലികാർജ്ജുൻ ഗാർഗെയേയോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ജോൺ നിർദ്ദേശിച്ചു.
ഇന്ത്യയിലെ കൃഷിക്കാരേയും തൊഴിലാളികളേയും ദളിത്, പിന്നോക്ക വിഭാഗങ്ങളേയും ഏകോപിപ്പിക്കുകയാണ് ഈ കാലഘട്ടത്തിലെ മുഖ്യ ചുമതലയെന്ന് ജോൺ ചൂണ്ടിക്കാട്ടി.
ഭരണഘടനയെ ജനങ്ങൾ സംരക്ഷിക്കണം.
അഡ്വ.പി.എം.സാദിക്കലി
ഇന്നത്തെ കാലത്ത് ഭരണഘടന ജനങ്ങളെ സംരക്ഷിക്കുമെന്ന് കരുതുന്നത് ശരിയല്ലെന്നും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾ രഗത്തിറങ്ങണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.സാദിക്കലി പ്രസ്താവിച്ചു. മുസ്ലീംലീഗ് മുസ്ലീം അനുകൂല നിലപാടെടുക്കുമ്പോഴും ഹിന്ദു വിരുദ്ധ പാർട്ടിയല്ല. എന്നാൽ ബി.ജെ.പി ഹിന്ദു അനുകൂലമല്ലാത്തതും മുസ്ലീം വിരുദ്ധവുമായ പാർട്ടിയാണ്. രാഷ്ട്രീയ പ്രശ്നങ്ങളിൽ മതേതരമായ നിലപാടാണ് മുസ്ലീം ലീഗിനുളളതെന്ന് സാദിക്കലി വ്യക്തമാക്കി.
തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ നടന്ന സെമിനാറിൽ ആർ.എം.പി.ഐ സംസ്ഥാന പ്രസിഡണ്ട് ടി.എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ.വേണു വിഷയം അവതരിപ്പിച്ചു. എം.സി.പി.ഐ.യു.സംസ്ഥാന സെക്രട്ടറി എം.ശ്രീകുമാർ, സി.പി.ഐ. എം എൽ. റഡ് സ്റ്റാർ കേന്ദ്രകമ്മിറ്റി അംഗം എം.കെ. ദാസൻ, സി.പി.ഐ നേതാവ് എം. സ്വർണലത, കെ.ജി.സുരേന്ദ്രൻ, പി.പി. പ്രിയരാജ്, അഡ്വ വി.എം. ഭഗവത് സിങ് തുടങ്ങിയവർ സംസാരിച്ചു. എം.എസ്. ഭാസ്കരൻ സ്വാഗതവും പി.ഡി. ഷൈലേഷ് നന്ദിയും പറഞ്ഞു
ബദൽ രാഷ്ട്രീയ സമരങ്ങളുടെ 20-ാം വാർഷിക രാഷ്ട്രീയ ക്യാമ്പയിൽ ജൂൺ 25 ന് വൈകീട്ട് 3 മണിക്ക് തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ നടക്കുന്ന കുടുംബ സംഗമത്തോടെ സമാപിക്കും. സമാപന സമ്മേളനം കെ.കെ. രമ എം.എൽ. എ ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണനൽ ട്രയിനറായ ടി.വി. ബിന്ദു, ഇ.വി. ദിനേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വിനയം പ്രസാദ്, സി.കെ.ഷിജി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വൈകീട്ട് 7 മണിക്ക് കൊച്ചിൻ ആക്ട് ലാബ് അവതരിപ്പിക്കുന്ന സോളോ നാടകം ‘പാടുക പാട്ടുകാരാ’ ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ.വി.എം ഭഗവത് സിങും കൺവീനർ പി.പി. പ്രിയരാജും അറിയിച്ചു. ഇന്ത്യയിലെ അറിയപ്പെടുന്ന അഭിനയ പരിശീലകനായ സജി നമ്പിയത്താണ് സോളോ അവതരിപ്പിക്കുന്നത്.