Uncategorized

വെള്ളക്കെട്ടിന് പരിഹാരവുമായി ജില്ലാ കളക്ടര്‍ മഴയെത്തുടര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര പ്രദേശങ്ങളിലെ തോടുകളിലും ചാലുകളിലുമുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശം. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് നിര്‍ദ്ദേശം. വീടുകളില്‍ വെള്ളം കയറിയ സാഹചര്യത്തിലും തോടുകളില്‍ നിന്നും വെള്ളം കവിഞ്ഞൊഴുകി റോഡിലും വെള്ളം കെട്ടിക്കിടന്ന് ഗതാഗത തടസ്സമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിഹാരത്തിന് കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ചാലുകളിലേയും തോടുകളിലേയും ചണ്ടി നീക്കും. ചേറ്റുപുഴ ഭാഗത്തെ ചാലുകളിലെ കുളവാഴ, ചണ്ടി, കരിവാരി നീക്കം ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എന്നിവരും ഇറിഗേഷന്‍, കെ.എല്‍.ഡി.സി ഉദ്യോഗസ്ഥരും വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പുഴക്കല്‍ മുതല്‍ ഏന്മാവ് വരെ നാളെ (നവംബര്‍ 8 ) രാവിലെ മുതല്‍ പരിശോധന നടത്തും. വെള്ളക്കെട്ടുണ്ടാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും അതിന് പരിഹാര മാര്‍ഗങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് മുമ്പാകെ പരിശോധന സംഘം സമര്‍പ്പിക്കുകയും ചെയ്യും. നവംബര്‍ 10 ന് ഡിഡിഎം കൂടാനും തീരുമാനിച്ചു. പാടശേഖരങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു അനുയോജ്യമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുക. ഇന്ന് (നവംബര്‍ 7) വൈകീട്ട് തുടങ്ങിയ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ക്ക് വേഗത കൂട്ടി. പി. ബാലചന്ദ്രന്‍ എംഎല്‍എയും ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വെള്ളക്കെട്ട് പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഒഴുക്കിന് തടസ്സമായ കുളവാഴയും മറ്റും നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പുല്ലഴി, ചേറ്റുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ റെജില്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close