കവിത
ഒറ്റപ്പെട്ടവന്‍റെ മരണം
അഭിപ്രായങ്ങളുടെ പ്രളയം!
ഉപദേശങ്ങളുടെ പെരുമഴ!
‘മണ്ടന്‍,മരമണ്ടന്‍…’
മരിച്ചുമരവിച്ചവന്‍
വെറുതേ ചിരിച്ചുകിടന്നു..
എല്ലാം അറിയുന്നപോലെ;
അതോ, ഒന്നുമറിയാത്തപോലെയോ?
ഒറ്റപ്പെട്ടവന്‍റെ മരണം
ഒരാഘോഷമാണ്..
ജീവനറ്റുപോകുംമുന്‍പ്
അവനെയറിയാത്ത
എത്രയോ പേര്‍
ആ മരണം തിരഞ്ഞ്
കണ്ണീരൊഴുക്കിക്കൊണ്ടേയിരുന്നു.
ഒറ്റപ്പെട്ടവന്‍റെ മരണംപോലെ
ആലോചിച്ചുറപ്പിക്കപ്പെട്ട
കൃത്യമായൊരു കര്‍മ്മം
വേറെയെന്തുണ്ട്?
ഏന്നിട്ടും ആരൊക്കൊയോ
ഇപ്പോഴും പറയാറുണ്ട്;
‘ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍..’
അധരത്തില്‍
വിതുമ്പിനിന്ന സങ്കടങ്ങള്‍
ഒന്നുകേള്‍ക്കാന്‍
യാചിച്ചുനിന്നവനെ
കാണാതെപോയവര്‍
ഇപ്പോഴും പറയാറുണ്ട്,
‘ഒന്നു പറഞ്ഞിരുന്നെങ്കില്‍..’
ഒറ്റപ്പെട്ടവന്‍റെ മനസ്സ്
ഒരു കടലാണ്..
തിരയടങ്ങാത്ത
തിളച്ചുമറിയുന്നൊരു കടല്‍..!
കടലൊരെണ്ണം
നെഞ്ചിലുള്ളവന്‍റെ
കണ്ണിലെപ്പോഴും നനവുണ്ടാകും.
സങ്കടങ്ങള്‍
കൂടുകൂട്ടിയ നെഞ്ചിനെ
കാണാതെ പോകരുത്..
ഒറ്റപ്പെട്ടവന്‍റെ മരണം
ഒരു പാഠമാണ്..
ആരും എപ്പോഴും
ഒറ്റപ്പെടാമെന്നപാഠം.!
■■■■■■■■■■■■■■
ലേഖാബാലകൃഷ്ണന്‍,