തൃപ്രയാറിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു

തൃപ്രയാറിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു തൃപ്രയാർ : തൃപ്രയാറിലെ ഗതാഗത കുരുക്കും ,വാഹന ഗതാഗത അപാകതകളും തടസങ്ങളും പരിഹരിക്കുവാൻ മാസ്റ്റർ പ്ലാൻ തയാറാക്കും. ഗീത ഗോപി എം.എൽ. എ യുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത് . തീരുമാനത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ വടക്കു നിന്നു വരുന്ന കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും സർവീസ് റോഡ് വഴി ക്ഷേത്രം റോഡിൽ എത്തി മേൽപ്പാലത്തിനടിയിലൂടെ വടക്കോട്ട് പോയി ബസ് സ്റ്റാൻ്റിൽ പ്രവേശിച്ചു തുടങ്ങി. ദേശീയ പാത ബൈപാസ് റോഡും സർവീസ് റോഡുകളും തുറന്നതോടെയാണ് തൃപ്രയാർ ക്ഷേത്രം റോഡിലെ മേൽപാലത്തിനടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. അപകടങ്ങളും പതിവായിരിക്കുകയാണ്. മണിക്കൂറുകളോളം കുരുക്കാൽ പെട്ട് വാഹനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടുകയാണ് . കൂടാതെ ഗുരുവായൂരിൽ നിന്നും വരുന്ന ദീർഘദൂര ബസുകളടക്കമുള്ളവ തൃപ്രയാർ ബസ്സ് സ്റ്റാൻ്റിൽ കയറാതെ പോകുന്നതും യാത്രക്കാരെ പെരുവഴിയിലാക്കിയിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളുയരുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി റെഗുലേറ്ററി കമ്മിറ്റി വിളിച്ചു കൂട്ടിയത്. വടക്കുഭാഗത്തു നിന്നു കിഴക്കേ സർവീസ് റോഡുവഴി വരുന്ന ബസുകൾ മേൽപ്പാലത്തിനു താഴെ പടിഞ്ഞാറെ സർവീസ് റോഡുവഴി വീണ്ടും വടക്കോട്ടു പോയി ടി .എസ് . ജി . എ റോഡുവഴി ബസ് സ്റ്റാൻ്റിൽ കയറണമെന്നായി ആദ്യ നിർദ്ദേശം . മേൽപാലത്തിനു താഴെ തുടങ്ങിയ താല്കാലി കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട് . ക്ഷേത്രം റോഡിൽ ഇരുവശത്തെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിങ്ങും ഒഴിവാക്കണം . ഇത്തരം നടപടികൾ പൂർത്തികരിച്ചാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് യോഗത്തിലുയർന്ന അഭിപ്രായം. ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന കർക്കിടകമാസത്തിലെ നാലമ്പല തീർത്ഥാടനം തുടങ്ങുന്നതിനു മുമ്പ് പ്ലാൻ നടപ്പാക്കാനും തീരുമാനിച്ചു. മേൽപ്പാലത്തിനടിയിൽ തടസ്സങ്ങൾ നീക്കി റോഡിന് വീതി കൂട്ടി ചരലിട്ട് ഉയർത്തുമെന്ന് ദേശീയ പാത നിർമ്മാണ കമ്പനി യോഗത്തിൽ ഉറപ്പുനല്കി. അടുത്തയാഴ്ച തന്നെ റോഡിൻ്റെ പണി പൂർത്തീകരിക്കും. വെള്ളക്കെട്ടും ഒഴിവാക്കും. പോളി ജംഗ്ഷനിൽ ഇരുവശത്തുമായി റോഡുകൾ വീതി കൂട്ടണമെന്നും നിർദ്ദേശമുണ്ടായി. ഫുട്പാത്തിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കും . നാട്ടിക ഇംഗ്ഷനിൽ ദേശീയ പാത സർവീസ് റോഡിലെ ഓട്ടോ സ്റ്റാൻ്റ് അനുവദിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് പി.വിനു , വൈസ് പ്രസിഡൻ്റ് കെ. എ ഷൗക്കത്തലി, ഡി. വൈ. എസ് .പി പി .പ്രമോദ്, സി.ഐ കെ അനിൽകുമാർ, തൃപ്രയാർ ജോ : ആർ .ടി .ഒ മജ്ജുള്ള, ദേശീയ പാത നിർമാണകമ്പനി ശിവാലയയുടെ പ്രതിനിധികളായ ഒ. ബിനു, പി.ഷിബു, പഞ്ചായത്ത് സെക്രട്ടറി ജെ ഹേമചന്ദ്രൻ , പി . എം സിദ്ധിക്ക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.



