നങ്ങ്യാരുടെ മരണം : തൃപ്രയാർ ക്ഷേത്രത്തിൽ “അംഗുലീയാങ്കം” കൂത്തിന് മുടക്കം

നങ്ങ്യാരുടെ മരണം : തൃപ്രയാർ ക്ഷേത്രത്തിൽ “അംഗുലീയാങ്കം” കൂത്തിന് മുടക്കം
തൃപ്രയാർ:മണ്ഡലമാസത്തോടനുബന്ധിച്ച് വൃശ്ചികം ഒന്നുമുതൽ ശ്രീരാമക്ഷേത്രത്തിൽ നടത്തിവരാറുള്ള “അംഗുലീയാങ്കം കൂത്തി”ന് മുടക്കം നേരിട്ടു. അവകാശികളായ എടനാട് നങ്ങ്യാർ കുടുംബത്തിലെ സരോജിനി നങ്ങ്യാരുടെ മരണം മൂലമാണ് ഇത്തവണത്തെ കൂത്ത് പുറപ്പാടിന് മുടക്കം നേരിട്ടത്. കേരളത്തിൽ ശ്രീകോവിലിനഭിമുഖമായി കൂത്തു നടത്തുന്ന അപൂർവ്വം രണ്ട് ക്ഷേത്രങ്ങളിൽ ഒന്നാണ് തൃപ്രയാർ ശ്രീരാമക്ഷേത്രം. മറ്റൊന്ന് കണ്ണൂർ ജില്ലയിലെ മാടായിക്കാവാണ്. രണ്ടിടങ്ങളിലും അംഗുലീയാങ്കം കൂത്തു തന്നെയാണ് പതിവുള്ളത്. തൃപ്രയാർ ക്ഷേത്രത്തിലെ കൂത്തിൻ്റെ അവകാശം “മാണി” കുടുംബക്കാരിൽ നിന്ന് “അമ്മന്നൂർ”കുടുംബത്തിന് നൽകിയിട്ട് ഇത് രണ്ടാമത് വർഷമാണ് . തൃപ്രയാർ ക്ഷേത്രത്തിൽ കൂത്തിന് ഉപയോഗിക്കുന്നതിനുള്ള പുതിയ മിഴാവിനുള്ള “മൃദംഗോപനയനവിധി”കൾ എതാനും മാസങ്ങൾക്കു മുൻപ് നടത്തിയിരുന്നു. 12 ദിവസങ്ങൾ കൊണ്ടാണ് “അംഗുലീയാങ്കം” അവതരിപ്പിച്ചു വരാറുള്ളത്. ശക്തിഭദ്രകവിയുടെ “ആശ്ചര്യചൂഢാമണി”എന്ന സംസ്കൃത നാടകത്തിലെ ആറാമങ്കമായ അംഗുലീയാങ്കത്തിൽ ഹനുമാനാണ് മുഖ്യ കഥാപാത്രം . പകർന്നാട്ട രൂപേണ അവതരിപ്പിക്കുന്ന കൂത്ത് 12-ാം ദിവസം രാത്രി നടത്തുന്ന “രക്ഷോവധം” കഥാഭാഗത്തോടെയാണ് സമാപിക്കുക. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന അജ്ഞാത കർത്തൃകമായ “കോകസന്ദേശ”മെന്ന കാവ്യത്തിൽപ്പോലും തൃപ്രയാർ ക്ഷേത്രത്തിലെ കൂത്തിനെക്കുറിച്ച് പരാമർശമുണ്ട്. നങ്ങ്യാരമ്മയുടെ മരണത്തിൻ്റെ പുലയടിയന്തിരത്തിനു ശേഷം ക്ഷേത്രത്തിലെ കൂത്ത് നടത്തുമെന്ന് ക്ഷേത്രം മാനേജർ മനോജ് കെ. നായർ അറിയിച്ചു.



