കണ്ടശാംകടവ് ജലോത്സവം: പരിശീലനത്തിനിറങ്ങി വള്ളങ്ങൾ

വാടാനപ്പള്ളി ;
കണ്ടശ്ശാംകടവ് ജലോത്സവങ്ങളിൽ ജേതാക്കളാവുക എന്ന ലക്ഷ്യത്തോടെ മത്സരത്തിൽ പങ്കെടുക്കുന്ന വിവിധ ക്ലബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചു.
ഓണാഘോഷത്തിൻ്റെ ഭാഗമായി എല്ലാവർഷവും തിരുവോണ നാളിൽ നടത്തിവരുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൽ പങ്കെടുക്കുന്ന ജില്ലയിലെ ചെറുതും വലുതുമായ പത്തോളം വള്ളങ്ങളാണ് കനോലിക്കനാലിൽ തുഴച്ചിൽ പരിശീലനം നടത്തുന്നത്.
കണ്ടശ്ലാംകടവ് കനോലി കനാലിൽ രാവിലെയും വൈകീട്ടുമാണ് പ്രവർത്തകർ പരിശീലനം നടത്തുന്നത്. നടുവിൽക്കര ബി.സി.എൻ. ക്ലബ്ബ് രാവിലെ രണ്ട് വള്ളത്തിലാണ് പരിശീലനം നടത്തുന്നത്. നടുവിൽക്കരയിൽനിന്നുതന്നെ സംഘം ബോട്ട് ക്ലബ്ബും ജലവാഹിനിയും ജിബി തട്ടകനും പൊഞ്ഞനത്തമ്മയുമൊക്കെ മത്സരരംഗത്തുണ്ട്.
തൊട്ടടുത്ത പുളിയം തുരുത്തിൽനിന്ന് രണ്ട് ക്ലബ്ബുകളും കണ്ടശ്ശാംകടവ് കരിക്കൊടിയിൽനിന്നും ക്ലബ്ബുകൾ മത്സരിക്കാൻ ഇറങ്ങുന്നുണ്ട്. ഓണാഘോഷത്തിൻ്റെ ഭാഗമായി കണ്ടശ്ശാംകടവ്, തൃപ്രയാർ, തീരം, കറുകമാട്, ഇടിയൻ ചിറക് ജലോത്സവങ്ങളിൽ പങ്കെടുക്കാനാണ് ക്ലബ്ബുകൾ തുഴച്ചിൽ പരിശീലനം ആരംഭിച്ചത്.
ചിലർ ആലപ്പുഴ, കോട്ടപ്പുറം ജലോത്സവങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഭക്ഷണരീതികൾ നിയന്ത്രിച്ചാണ് യുവാക്കളുടെ പരിശീലനം. മഴ വകവെക്കാതെയാണ് കനോലി കനലിൽ പരിശീലനം നടക്കുന്നത്. ഓണം വരെ പരിശീലനം ഉണ്ടാകും.”



