ഗ്രാമ വാർത്ത.
ലോഡ്ജിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; മൂന്നുപേർ അറസ്റ്റിൽ.

ഗുരുവായൂർ: ഗുരുവായൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളരി പുളിയ പുറത്ത് വീട്ടിൽ നിഷാദ് (31), വടക്കേക്കാട് കണ്ടമ്പുള്ളി വീട്ടിൽ അക്ഷയ് (26), മലപ്പുറം കുറ്റിപ്പുറം കാലടി കറുത്തേടത്ത് വീട്ടിൽ ഷെമീർ (35) എന്നിവരേയാണ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗുരുവായൂർ കളത്തിൽ ലോഡ്ജിൽ നടത്തിയ മിന്നൽ പരിശോധനയിൽ 636 ഗ്രാം കഞ്ചാവ് സഹിതമാണ് മൂന്നുപേരും പിടിയിലായത്. എ.എസ്.ഐമാരായ ബനീഷ്, മനോജ്, വിനയൻ, സി.പി.ഒമാരായ ജിതിൻ, ദിവ്യേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



