ഓണം കളറാക്കാൻ ചെണ്ടുമല്ലി പൂക്കൾ,62-ാം വയസ്സിലും കൃഷിയുടെ നിറവിൽ ഷീജ.

ഓണത്തിന് നാടിന് പൂക്കളുടെ നിറപ്പകിട്ട് സമ്മാനിക്കുകയാണ് 62-ാം വയസ്സിലും കൃഷിയോടുള്ള ആവേശം കൈവിടാത്ത നാട്ടിക സ്വദേശി കൊടപ്പുള്ളി വീട്ടിൽ ഷീജ. നാട്ടിക പന്ത്രണ്ടാം കല്ലിന് പടിഞ്ഞാറ് ഒരേക്കറോളം സ്ഥലത്ത് വിരിഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ കാഴ്ചയാണ് ഇപ്പോൾ നാട്ടുകാരുടെയും കാഴ്ചക്കാരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
കാൽനൂറ്റാണ്ടിലേറെയായി വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്ന ഷീജ നാല് വർഷം മുമ്പാണ് ചെണ്ടുമല്ലി കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യ പരീക്ഷണം വിജയിച്ചതോടെ തുടർന്നുള്ള വർഷങ്ങളിലും ചെണ്ടുമല്ലി കൃഷി തുടരുകയായിരുന്നു. ഇത്തവണ ഒരേക്കറോളം സ്ഥലത്ത് ആയിരത്തോളം ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിച്ചത്.
ദിവസവും രണ്ട് നേരം കൃഷിയിടത്തിലെത്തി ചെടികൾ പരിപാലിക്കുന്ന ഷീജയുടെ അധ്വാനത്തിന് ഇത്തവണ മികച്ച വിളവാണ് ലഭിച്ചത്. ചാഴൂരിൽ നിന്ന് കൊണ്ടുവന്ന മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്തത്. കൃത്യമായ പരിചരണവും പരിപാലനവും ലഭിച്ചതോടെ ചെടികളിൽ നിറയെ പൂക്കൾ വിരിഞ്ഞുനിൽക്കുകയാണ്.
അത്തം ദിനത്തിൽ പൂക്കൾ വിളവെടുത്ത് കൃഷിയിടത്തിൽനിന്നും ഷീജയുടെ തൃപ്രയാറിലുള്ള ഷോപ്പിൽനിന്നുമായി വിൽപ്പന നടത്താനാണ് തീരുമാനം. കൃഷിയുടെയും വിളവെടുപ്പിന്റെയും വിൽപ്പനയുടെയും കാര്യങ്ങൾ ഏറെയും സ്വയം നിർവഹിക്കുന്നതിനാൽ ചെണ്ടുമല്ലി കൃഷി ലാഭകരമാണെന്നും ഷീജ പറയുന്നു.


