പരിസരവാസികൾ സ്ഥലം വിട്ടുകൊടുത്തുകൊണ്ട് നിർമ്മിച്ച റോഡ് തൃപ്രയാർ നാലമ്പല ദർശനത്തിനു വരുന്ന വലിയ ബസ്സുകൾ നിരന്തരം ഓടിയതിനെ തുടർന്ന് കുളമായി.

തൃപ്രയാർ: പരിസരവാസികൾ സ്ഥലം വിട്ടുകൊടുത്തുകൊണ്ട് നിർമ്മിച്ച റോഡ് നാലമ്പല ദർശനത്തിനു വരുന്ന വലിയ ബസ്സുകൾ നിരന്തരം ഓടിയതിനെ തുടർന്ന് കുളമായി. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിൽ വരുന്ന തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന നാലമ്പല ദർശകർക്ക് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അപ്പുറമുള്ള ദേവസ്വത്തിന്റെ തന്നെ സ്റ്റോക്ക് പുര പറമ്പിലാണ് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്. ഈറോഡ് ടാറിങ് നടത്താൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും ദേവസത്തിന്റെ കൂടി പറമ്പിലൂടെ റോഡ് പോകുന്നതിനാൽ റോഡിനു വേണ്ടി ഈ സ്ഥലം വിട്ടുകൊടുക്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ല. ഒരു ഓട്ടോറിക്ഷ പോലും കടന്നു പോകാൻ സ്ഥലമില്ലാതിരുന്ന ഈറോഡ് പരിസരവാസികൾ സ്ഥലം വിട്ടുകൊടുത്തുകൊണ്ടാണ് വലിയ ബസ്സുകൾ പോലും കടന്നുപോകാൻ സൗകര്യമുള്ള രീതിയിൽ ഇന്നത്തെ നിലയിൽ വികസിപ്പിച്ചത്. തൃപ്രയാർ മേൽ തൃക്കോവിൽ ക്ഷേത്രം മുതൽ തൃപ്രയാർ ബസ്റ്റാൻഡ് വരെ ഉണ്ടായിരുന്ന ഈറോഡ് നാട്ടുകാരുടെയും തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെയും ശ്രമ ഫലമായി വികസിപ്പിച്ചെടുത്തു. തൃപ്രയാർ സ്റ്റേഡിയം വരെ ടാറിങ്ങും നടന്നു.പുതിയ ഹൈവേ വന്നതിനാൽ കിഴക്കുനിന്നുള്ള റോഡ് സർവീസ് റോഡ് വരെ ആയി ചുരുങ്ങി. ഏതാനും മീറ്ററുകൾ മാത്രം ടാറിങ്ങിന് അവശേഷിക്കെ ദേവസ്വം ബോർഡ് ആണ് ടാറിങ്ങിന് തടസ്സം നിന്നത്. ടാറിങ് ഇല്ലെങ്കിലും നാട്ടുകാരും വിദ്യാർത്ഥികളും സുഗമമായി ഉപയോഗിച്ചിരുന്ന ഈ റോഡ് നാലമ്പല ദർശനത്തിന് എത്തുന്ന വാഹനങ്ങൾ ഇതുവഴി ദേവസ്വം പാർക്കിങ്ങിലേക്ക് തിരിച്ചുവിടുന്നതിനാൽ ഇപ്പോൾ ആർക്കും ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ചെളി നിറഞ്ഞു കിടക്കുന്നു. പഞ്ചായത്തും ദേവസ്വവും ഇക്കാര്യത്തിൽ കണ്ണടച്ച മട്ടാണ്.പഞ്ചായത്തും ദേവസവും സഹകരിച്ച് ഈ റോഡിന്റെ ബാക്കി ഭാഗം കൂടി ടാർ ചെയ്യേണ്ടതാണ്.



