ഗ്രാമ വാർത്ത.
തലയിൽ പാത്രം കുടുങ്ങിയ മൂന്നു വയസുകാരിക്ക് ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്.
അരിമ്പൂർ: തലയിൽ പാത്രം കുടുങ്ങിയ മൂന്നു വയസുകാരിക്ക് ഒടുവിൽ രക്ഷകരായത് തൃശൂർ ഫയർ ഫോഴ്സ്. അരിമ്പൂർ സ്വദേശികളുടെ മൂന്നു വയസ്സുകാരിയായ മകളുടെ തലയിലാണ് വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ തൂക്കു പാത്രം കുടുങ്ങിയത്.
തുടർന്ന് വീട്ടുകാർ ഒട്ടേറെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ തൃശ്ശൂർ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തൃശൂരിലെ അഗ്നിരക്ഷാ നിലയത്തിൽ വെച്ച് കാൽ മണിക്കൂർ പരിശ്രമത്തിനിടെ
കുട്ടിക്ക് പരിക്കുകൾ ഏൽക്കാതെ ഫയർഫോഴ്സ് പാത്രം ഊരിയെടുത്തതോടെയാണ് വീട്ടുകാരുടെ ശ്വാസം നേരെ വീണത്.
ഫയർ റസ്ക്യൂ ഓഫീസർമാരായ അനിൽജിത്, എം.ജി. ശ്യാം,നവനീത കണ്ണൻ, ഹോം ഗാർഡ് ശോഭന എന്നിവർ നേതൃത്വം നൽകി.