വിദ്യാഭ്യാസ വകുപ്പിന്റെ മധ്യമേഖലാ അദാലത്ത് റിസോൾവ് തൃശ്ശൂരിൽ നടന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ മധ്യമേഖലാ അദാലത്ത് ‘റിസോൾവ്’ തൃശ്ശൂരിൽ നടന്നു ഫയൽ നീക്കത്തിന് ഇൻസ്ട്രക്ഷൻ മാനുവലും ഡിജിറ്റൽ സംവിധാനവും കൊണ്ട് വരും – മന്ത്രി എൻ. ഷംസുദ്ധീൻസംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘റിസോൾവി’ന്റെ മധ്യമേഖലാ അദാലത്തും പരാതി പരിഹാരവും തൃശ്ശൂർ കാൽഡിയൻ സിറിയൻ സ്‌കൂളിൽ നടന്നു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 35 പേർക്ക് മന്ത്രി നേരിട്ട് നിയമന അംഗീകാര ഉത്തരവുകൾ കൈമാറി. വകുപ്പിലെ ഫയൽ നീക്കം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ഇൻസ്ട്രക്ഷൻ മാനുവൽ ഉടൻ നിലവിൽ വരുത്തുമെന്ന് മന്ത്രി അറിയിച്ചു. എ.ഇ.ഒ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള വിവിധ തലങ്ങളിൽ തീർപ്പാക്കേണ്ട കാര്യങ്ങളും കൈക്കൊള്ളേണ്ട തീരുമാനങ്ങളും ഈ മാനുവലിൽ വ്യക്തമാക്കും. പരാതി പരിഹാര സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പുതിയ സംവിധാനവും വകുപ്പിൽ ഏർപ്പെടുത്തും. സ്‌കൂളുകളിൽ കായിക പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ വിദ്യാലയങ്ങളിൽ കായികാധ്യാപകരുടെ സേവനം ഉറപ്പാക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് നിയമനം കാത്തിരിക്കുന്നവരുടെയും നിലവിലെ അധ്യാപക സംരക്ഷണത്തിന്റെയും കാര്യത്തിൽ പ്രായോഗിക സമീപനത്തോടെയുള്ള സമവായ തീരുമാനങ്ങളാകും കൈക്കൊള്ളുക. മുൻപ് തയ്യൽ അധ്യാപകരുടെ നിയമനത്തിന് ‘200 പെൺകുട്ടികൾ’ വേണമെന്ന നിബന്ധന ‘200 വിദ്യാർത്ഥികൾ’ എന്നാക്കി മാറ്റിയതിലൂടെ തടസ്സം പരിഹരിക്കാൻ കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. ചുമതലയേറ്റ ശേഷം വിദ്യാർത്ഥികളുടെ നിരവധി പരാതികളും ലഭിക്കാറുണ്ട്. പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം നടത്തുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കി വരും ഒക്ടോബറിൽ തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചതോടെ പരിഹാരമായതായും മന്ത്രി വ്യക്തമാക്കി.തൃശ്ശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെട്ട മധ്യമേഖലാ അദാലത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ആകെ 966 പരാതികളാണ് ലഭിച്ചത്. ഇതിൽ തൃശ്ശൂർ – 643, പാലക്കാട് – 153, ഇടുക്കി – 90, എറണാകുളം – 79 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ സി.എ. സന്തോഷ്, ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ കെ. അഷ്‌റഫ്, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



