ദേശീയപാതയിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ട് യുവാക്കൾ മരിച്ചു.

ചേലേമ്പ്ര ഇടിമുഴിക്കലിൽ കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും തമ്മിൽ ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ട അഞ്ചുപേരും സുഹൃത്തുക്കളാണ്. ഇടിയിൽ പൂർണ്ണമായും തകർന്ന കാറിൽ നിന്ന് നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിവരികയാണ്.തേഞ്ഞിപ്പലം പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


