കേരള പോലീസ് കായികമേള 2026-തൃശ്ശൂർ റൂറലിൽ ദീപശിഖാ പ്രയാണത്തിന് വിപുലമായ സ്വീകരണം നൽകും.

കൊടുങ്ങല്ലൂർ : ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശവുമായി കേരള പോലീസ് സ്പോർട്സ് മീറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ദീപശിഖാ പ്രയാണത്തിന് തൃശ്ശൂർ റൂറൽ ജില്ലയിൽ വിപുലമായ സ്വീകരണം നൽകും. നാളെ 06-09-2026 തിയ്യതി ഞായാറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചേറ്റുവയിലെത്തുന്ന മാരത്തൺ സംഘത്തെ ചെണ്ടമേളം, തെയ്യം, ആയിരക്കണ്ണി ക്ലബ്ബിന്റെ ദൃശ്യാവിഷ്കാരം എന്നിവയുടെ അകമ്പടിയോടെ എസ്.പി.സി, എൻ.സി.സി വിദ്യാർഥികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഫ്ലാഷ് മോബ്, തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം, എസ്.പി.സി വിദ്യാർഥികളുടെ നേതൃത്വത്തിൽ 100 ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തൽ എന്നിവ നടക്കും.തുടർന്ന് പോലീസ് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ മാരത്തൺ സംഘം തൃപ്രയാർ ബസ് സ്റ്റാൻഡിലേക്ക് നീങ്ങും. ഇവിടെ ദഫ് മുട്ട്, ഫ്ലാഷ് മോബ്, നൃത്തപരിപാടികൾ എന്നിവ അരങ്ങേറും. തൃപ്രയാർ ബസ് സ്റ്റാൻഡിൽ നിന്ന് റോളർ സ്കേറ്റിംഗ് ടീമിന്റെ അകമ്പടിയോടെ മാരത്തൺ സംഘം തൃപ്രയാർ വൈ മാളിലെത്തും. അവിടെ നൃത്തപരിപാടിക്ക് ശേഷം കൊടുങ്ങല്ലൂർ ചന്തപ്പുരയിലേക്ക് പ്രയാണം തുടരും. ചന്തപ്പുര ജംഗ്ഷനിൽ പഞ്ചവാദ്യം ഉൾപ്പെടെയുള്ള കലാപരിപാടികളോടെയാണ് സംഘത്തെ സ്വീകരിക്കുക. തുടർന്ന് കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷും സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐ.പി.എസും സംസാരിക്കും. തുടർന്ന് 100 ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറത്തിയശേഷം ചന്തപ്പുര ജംഗ്ഷനിൽ നിന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയർ വരെ മാരത്തൺ റൺ നടക്കും.കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ നടക്കുന്ന പൊതുചടങ്ങിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ് സ്വാഗതം ആശംസിക്കും. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. കൈപ്പമംഗലം എം.എൽ.എ വൽസരാജ് മുഖ്യാതിഥിയാകും. സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ടി. ഐ.പി.എസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ നന്ദി പറയും.ലഹരിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളെയും പൊതുസമൂഹത്തെയും കായികരംഗത്തേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3.55 ന് 100 മോട്ടോർ സൈക്കിളുകളുടെയും 100 സൈക്കിളുകളുടെയും അകമ്പടിയോടെ മാരത്തൺ സംഘം കോട്ടപ്പുറം വഴി തൃശ്ശൂർ റൂറൽ അതിർത്തിയിലെത്തും. തുടർന്ന് ദീപശിഖ എറണാകുളം റൂറൽ ജില്ലാ പോലീസിന് കൈമാറും.

