വാഹനാപകടം, ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.

കുന്നംകുളം: ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു.ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ *മുനീർ ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക്ക്* എന്നിവരാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.അപകടത്തിൽപ്പെട്ട കാറിൽ ആർത്താറ്റ് സ്വദേശി ബെൻ ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. നാലുപേരും മദ്യലഹരിയിലായിരുന്നുവെന്നും കാർ അമിത വേഗതയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കാർ ഓടിച്ചിരുന്ന ബെന്നും മറ്റൊരാളും ഒളിവിൽ പോയി. ഒരാൾ കുന്നംകുളം പോലീസിന്റെ കസ്റ്റഡിയിലാണ്. നേരിയ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.സൗദിയിൽ ജോലി ചെയ്തിരുന്ന മുനീർ ഒരു മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്.സംഭവത്തിൽ ബെന്നിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കബറടക്കും.

