ചേർപ്പിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം തുടങ്ങി; എം.എൽ.എ ഗീതാ ഗോപി സന്ദർശനം നടത്തി

ചേർപ്പ്: ശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ചേർപ്പ് പഞ്ചായത്തിൽ ജി.വി.എച്ച്.എസ്.എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് നാട്ടിക എം.എൽ.എ ഗീതാ ഗോപി സന്ദർശിച്ചു. ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്തിയ എം.എൽ.എ, അധികൃതരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ക്യാമ്പിലുള്ളവരുടെ ആവശ്യങ്ങൾ ഉടൻ പരിഹരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് മുത്തുള്ളിയാൽ തോപ്പ് പ്രദേശത്തെ വെള്ളം കയറിയ വീടുകൾ എം.എൽ.എ സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അവർ ഉറപ്പ് നൽകി.
പ്രദേശത്തെ കിടപ്പുരോഗികളായ കക്കാട്ട് കാദർ, തോട്ടുങ്ങൽ മണി എന്നിവരെ സുരക്ഷിതമായി ചേർപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് (CHC) മാറ്റുന്നതിനുള്ള നടപടികൾ എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യൂ വകുപ്പ്, ഇറിഗേഷൻ വകുപ്പ്, എന്നിവരുടെ ഏകോപനത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എം.എൽ.എ അഭ്യർഥിച്ചു.


