ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും വരെ നാട്ടിക ടോൾ പിരിവ് നിർത്തിവെക്കും, മുഖ്യമന്ത്രി ഉറപ്പുനൽകി.

ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകും വരെ നാട്ടിക ടോൾ പിരിവ് നിർത്തിവെക്കും; മുഖ്യമന്ത്രി ഉറപ്പുനൽകികാപ്പിരിക്കാട്–കോട്ടപ്പുറം ദേശീയപാതയിലെ അപൂർണ്ണമായ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുൻപ് നാട്ടിക ടോൾ പ്ലാസയിൽ ആരംഭിച്ച ടോൾ പിരിവ് നിർത്തിവെക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗീതാഗോപി എം.എൽ.എ ഉൾപ്പെടെ തൃശ്ശൂർ ജില്ലയിലെ എം.എൽ.എമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.ദേശീയപാതയുടെ നിർമ്മാണം ഏകദേശം 75 മുതൽ 80 ശതമാനം വരെ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാവശ്യമായ നിരവധി പ്രധാന പ്രവൃത്തികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചത് പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ദേശീയപാതയിൽ നിർദ്ദേശിക്കപ്പെട്ട 12 ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ രണ്ടെണ്ണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. മൂന്നെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ ബാക്കിയുള്ള ഏഴെണ്ണത്തിന്റെ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. വാടാനപ്പള്ളി മേഖലയിലെ കണ്ടശ്ശാംകടവ് ഫ്ലൈ ഓവറിന്റെയും മൂന്നുപീടിക–കൊറ്റംകുളം മേഖലയിലെ ഫ്ലൈ ഓവറിന്റെയും നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. കൊടുങ്ങല്ലൂർ, എടമുട്ടം എന്നിവിടങ്ങളിലെ അണ്ടർപാസുകളുടെ നിർമ്മാണവും പ്രാരംഭ ഘട്ടത്തിലാണ്. പള്ളിനടയിൽ അണ്ടർപാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ജനകീയ സമരവും നടന്നുവരികയാണ്.ചാവക്കാട് മേഖലയിലെ കനോലി കനാലിന് കുറുകെയുള്ള പാലത്തിന്റെയും ചേറ്റുവ പാലത്തിന്റെയും നിർമ്മാണം പൂർത്തിയായിട്ടില്ല. മണത്തല മുതൽ ഒരുമനയൂർ വരെയുള്ള ഭാഗത്ത് നിർമ്മാണം ഭാഗികമായി മാത്രമാണ് നടന്നിട്ടുള്ളത്. കൊതപറമ്പ് മുതൽ ചന്തപ്പുര വരെയുള്ള ഭാഗത്ത് സുഗമമായ വാഹനഗതാഗതത്തിന് ആവശ്യമായ പ്രവൃത്തികളും പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ദേശീയപാതയുടെ വലിയൊരു ഭാഗത്ത് രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനുള്ള തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല.ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെയാണ് നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്. ഇതിനെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തിനിടെ പോലീസ് ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കപ്പെട്ടു. ടോൾ പിരിവിന്റെ നിയമസാധുതയും നടപടിക്രമങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗീതാഗോപി എം.എൽ.എ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം രാഷ്ട്രീയ പാർട്ടികൾ ബഹിഷ്കരിച്ച സാഹചര്യവുമുണ്ടായി.ദേശീയപാതയുടെ അപൂർണ്ണമായ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാതെ ടോൾ പിരിവ് നടത്തുന്നത് ജനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നതിനൊപ്പം യാത്രാദുരിതവും സുരക്ഷാ ആശങ്കകളും വർധിപ്പിക്കുകയാണെന്ന് എം.എൽ.എമാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, അണ്ടർപാസുകൾ, ഫ്ലൈ ഓവറുകൾ, പാലങ്ങൾ, സർവീസ് റോഡുകൾ, തെരുവുവിളക്കുകൾ എന്നിവയുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിച്ച മുഖ്യമന്ത്രി, ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവെക്കുമെന്ന് ഉറപ്പുനൽകി. ദേശീയപാതയുടെ അപൂർണ്ണമായ നിർമ്മാണ പ്രവൃത്തികൾക്കെതിരെയും ജനങ്ങളുടെ യാത്രാദുരിതങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഉയർന്ന ജനകീയ പ്രതിഷേധങ്ങൾക്ക് പിന്നാലെ ലഭിച്ച മുഖ്യമന്ത്രിയുടെ ഉറപ്പ് വിഷയത്തിൽ നിർണായകമായ ഇടപെടലാണ്.നിവേദനത്തിൽ ഒപ്പുവെച്ച എം.എൽ.എമാർ: ഗീതാഗോപി (നാട്ടിക), കെ. കെ. വത്സരാജ് (കൈപ്പമംഗലം), പ്രൊഫ. സി. രവീന്ദ്രനാഥ് (മണലൂർ), എൻ. കെ. അക്ബർ (ഗുരുവായൂർ), യു. ആർ. പ്രദീപ് (ചേലക്കര), എ. സി. മൊയ്തീൻ (കുന്നംകുളം), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), അഡ്വ. കെ. രാജൻ (ഒല്ലൂർ), കെ. കെ. രാമചന്ദ്രൻ (പുതുക്കാട്).



