ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ പോരാട്ടത്തിന് ശക്തിപകർന്ന് കേരള പോലീസ് സ്പോർട്സ് മാരത്തോൺ – 2026.

ഇരിങ്ങാലക്കുട : ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനതലത്തിൽ കേരള പോലീസ് സ്പോർട്സ് മാരത്തോൺ – 2026 സംഘടിപ്പിക്കുന്നു. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് യുവതലമുറയെ അകറ്റിനിർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി കേരള പോലീസ് സ്പോർട്സ് മാരത്തോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനിൽ മെഗാ ടോർച്ച് മാരത്തോൺ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയാണ് മെഗാ ടോർച്ച് മാരത്തോൺ നടന്നത്. ഇരിങ്ങാലക്കുട നഗരസഭാ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് മെഗാ ടോർച്ച് മാരത്തോണിന്റെ ദീപശിഖ കൈമാറി.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജി എം.കെ സ്വാഗതം പറഞ്ഞു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ ജോയ് പീണിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ, സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾ എന്നിവർ മെഗാ ടോർച്ച് മാരത്തോണിൽ പങ്കെടുത്തു. തുടർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ലഹരിക്കെതിരായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രദീപ് എസ് നന്ദി പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തിൽ കായികത്തെ ശക്തമായ ആയുധമാക്കുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യം. കായികരംഗത്തേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിലൂടെ ലഹരിയിൽ നിന്ന് അവരെ അകറ്റിനിർത്താനും ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതശൈലിയിലേക്ക് നയിക്കാനും സാധിക്കും. ലഹരിക്കെതിരായ ബോധവൽക്കരണം പോലീസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും കായികതാരങ്ങളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.
സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡുകളിലൂടെ ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമുയർത്തിയാണ് കേരള പോലീസ് സ്പോർട്സ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കായിക കൂട്ടായ്മയിലൂടെ ലഹരിക്കെതിരായ ജനകീയ പ്രതിരോധം കൂടുതൽ ശക്തമാക്കാനും യുവതലമുറയിൽ കായിക സംസ്കാരവും ആരോഗ്യകരമായ ജീവിതശീലങ്ങളും വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.



