അവകാശികളില്ല, ഇടവുമില്ല.മെഡിക്കൽ കോളേജ് മോര്‍ച്ചറി നിറയുന്നു.

തൃശൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോള്‍ഡ് റൂമിലും ഫോറൻസിക് മോർച്ചറിയിലും അജ്ഞാത മൃതദേഹങ്ങള്‍ നിറയുന്നു.
മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയെ തുടർന്ന് മോർച്ചറി പ്രവർത്തനം ഭാഗികമായി തടസപ്പെട്ടു.
കോള്‍ഡ് റൂമിലെ 14 ഫ്രീസർ യൂണിറ്റുകളിലും തിരിച്ചറിയപ്പെടാത്തതും ബന്ധുക്കള്‍ ഏറ്റെടുക്കാത്തതുമായ മൃതദേഹങ്ങളാണ് നിലവിലുള്ളത്. ഫോറൻസിക് മോർച്ചറിയിലെ 15 റാക്കുകളില്‍ 13 എണ്ണത്തിലും അജ്ഞാത മൃതദേഹങ്ങളാണ്. അനാഥരായ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
വയോധികരും അവശരുമായ രോഗികളാണ് ഇവരില്‍ ഏറെയും. ഇത്തരത്തില്‍ 40ഓളം പേർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ പലരും മരിച്ചാല്‍ മൃതദേഹങ്ങള്‍ മോർച്ചറിയിലേക്കോ കോള്‍ഡ് റൂമിലേക്കോ മാറ്റേണ്ടിവരും.പുതുതായി ലഭിക്കുന്ന മൃതദേഹങ്ങള്‍ മറ്റ് ആശുപത്രികളിലെ മോർച്ചറി, കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് മാറ്റണം. ഡിസ്ചാർജ് ചെയ്യാവുന്ന രോഗികളെ പരിചരിക്കുന്നതിന് സംവിധാനമുണ്ടാക്കണം. അപകടനില തരണം ചെയ്തവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണം. മേല്‍വിലാസവും ബന്ധുക്കളുമുള്ള രോഗികളെ കൈമാറാൻ നിയമസഹായം തേടണം.



