ഗ്രാമ വാർത്ത.

കേരള പോലീസ് കായികമേള 2026, തൃശ്ശൂർ റൂറലിൽ ദീപശിഖാപ്രയാണത്തിന് വൻ സ്വീകരണം നൽകി.

​കൊടുങ്ങല്ലൂർ: ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സംഘടിപ്പിക്കുന്ന കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെ ഭാഗമായുള്ള സംസ്ഥാനതല ദീപശിഖാ പ്രയാണത്തിന് തൃശ്ശൂർ റൂറൽ ജില്ലയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.​ഞായറാഴ്ച ഉച്ചയ്ക്ക് 02.40 മണിയോടെ ചേറ്റുവ എൻ.എച്ച് 66-ൽ എത്തിയ മാരത്തൺ സംഘത്തെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. എൻ.എച്ച് 66 മുതൽ വേദി വരെ എസ്.പി.സി, എൻ.സി.സി വിദ്യാർഥികൾ അണിനിരന്നു. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ദീപശിഖ ഏറ്റുവാങ്ങി സന്ദേശം നൽകി. എസ്.പി.സി വിദ്യാർഥികൾ 100 ഹൈഡ്രജൻ ബലൂണുകൾ വാനിലേക്ക് പറത്തി. തുടർന്ന് ബാൻഡ് മേളത്തോടെ പ്രയാണം തുടർന്ന സംഘത്തെ തൃപ്രയാർ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ്, ദഫ്മുട്ട്, നൃത്തം എന്നിവയോടെ വരവേറ്റു. അവിടെനിന്ന് റോളർ സ്കേറ്റിംഗ് ടീമിന്റെ അകമ്പടിയോടെ സംഘം വൈ മാളിലെത്തി. തുടർന്ന് മാരത്തൺ സംഘം കൊടുങ്ങല്ലൂർ ചന്തപ്പുരയിലേക്ക് പ്രയാണം നടത്തി.​കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിലേക്ക് എത്തി മാരത്തൺ റണ്ണിന് ശേഷം വിശിഷ്ടാതിഥികൾ Signature Wall ൽ ഒപ്പുവെക്കുകയും സെൽഫി പോയിന്റിൽ ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്ക്വയറിൽ നടന്ന പൊതുചടങ്ങിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ് സ്വാഗതം ആശംസിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ഹണി പീതാംബരൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹു. കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ശ്രീ. ഒ.ജെ. ജനീഷ് ഉദ്ഘാടനവും നിർവഹിച്ചു.​കൈപ്പമംഗലം എം.എൽ.എ ശ്രീ വൽസരാജ് മുഖ്യാതിഥിയായും തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ശ്രീ നാരായണൻ ടി. ഐ.പി.എസ് ആശംസാ പ്രസംഗകനായും ചടങ്ങിൽ പങ്കെടുത്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.പി. രാജൻ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കൈലാസൻ, കൊടുങ്ങല്ലൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ സജീവൻ ടി.കെ, കൗൺസിലർ ശ്രീമതി ഗീതാ റാണി, തിരക്കഥാകൃത്ത് ശ്രീ സുനിൽ, ആർട്ടിസ്റ്റ് ശ്രീ സുരേഷ് ഡാവിഞ്ചി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ശ്രീ ആർ. രതീഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.​പൊതുചടങ്ങുകൾക്ക് ശേഷം ബഹു. മന്ത്രിയും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വീണ്ടും ഹൈഡ്രജൻ ബലൂണുകൾ വാനിലേക്ക് പറത്തി. തുടർന്ന് മോട്ടോർ സൈക്കിളുകളുടെയും ബൈസൈക്കിളുകളുടെയും അകമ്പടിയോടെ മാരത്തൺ സംഘം കോട്ടപ്പുറം അതിർത്തിയിലെത്തുകയും ദീപശിഖ എറണാകുളം റൂറൽ പോലീസിന് ഔദ്യോഗികമായി കൈമാറുകയും ചെയ്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close