വോട്ടവകാശ സംരക്ഷണം ഉറപ്പാക്കണം- മുസ്ലിം ലീഗ്.

വാടാനപ്പള്ളി : തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി, വാടാനപ്പള്ളിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തകസമിതിയംഗം കെ.എ. ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു.എസ്.ഐ.ആർ നടപടികളുടെ ഭാഗമായി അർഹരായ പൗരന്മാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാകുന്ന സാഹചര്യം ഉണ്ടാകരുതെന്നും, ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കുന്നതിന് സുതാര്യമായ സംവിധാനം വേണമെന്നും കെ. ഹാരൂൺ റഷീദ് പറഞ്ഞു. വോട്ടവകാശം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ വിഭാഗത്തിന്റെയോ അവകാശമല്ലെന്നും ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.വോട്ടർപട്ടികയിൽ നിന്ന് ഒരു പൗരന്റെ പേര് പോലും അന്യായമായി നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നും, ജനാധിപത്യത്തിന്റെ അടിസ്ഥാനമായ വോട്ടവകാശം സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ മുസ്ലിം ലീഗ് ശക്തമായി മുന്നിലുണ്ടാകുമെന്നും ഹാറൂൺ റഷീദ് പറഞ്ഞു.മണലൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്.എം. അൽത്താഫ് തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അഡ്വ. വി.എം. മുഹമ്മദ്, ഗസ്സാലി, ആർ.എ. അബ്ദുൽ മനാഫ്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ കമാൽ തോപ്പിൽ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിജിന തമീം, രജനി കൃഷ്ണാനന്ദ്, എൻ.കെ. അബ്ദു റഹിമാൻ, മജീദ് ഹസൻ, എ.എ. ഷാഹുൽ ഹമീദ്, അഷ്റഫ് തങ്ങൾ, മുഹ്സിൻ മാസ്റ്റർ, പി.എ. സിദ്ദീക്കുൽ അക്ബർ, എ.വൈ. ഹർഷാദ്, ഇ.എം. സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.



