നാട്ടിക ടോൾ പ്ലാസ രാപ്പകൽ സമരം സമാപിച്ചു.

നാട്ടിക: നാട്ടിക ടോൾ പ്ലാസ രാപ്പകൽ സമരം സമാപിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണി മുതൽ ആയിരങ്ങളാണ് സമരത്തിൽ അണിനിരന്നത്. ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള നാട്ടിക ടോൾ പിരിവ് അവസാനിപ്പിക്കുക,തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസക്ക് മുൻപിൽ നടത്തിയ വേറിട്ടരാപ്പകൽ സമരം സമാപിച്ചു.വെള്ളിയാഴ്ച രാവിലെ 10 ഓടെ സി പി ഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ എം കിഷോർ കുമാർ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി ഹരിദാസ്, സി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി സന്ദീപ്, നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, അഡ്വ.വി കെ ജ്യോതി പ്രകാശ്, യു കെ ഗോപാലൻ, കെ എ വിശ്വംഭരൻ, കെ ആർ സീത, ടി എസ് മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. സത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേരാണ് രാപ്പകൽ സമരത്തിൽ പങ്കെടുത്തത്. പാട്ടും കവിതയുമായി സമരവേദിയെ പ്രവർത്തകർ സജീവമാക്കി. വിപ്ലവഗാനങ്ങളും സിനിമാ നാടക ഗാനങ്ങളും ഉൾപ്പെടെ ആലപിച്ചു. ഇക്കഴിഞ്ഞ 8 മുതൽ നാട്ടികയിൽ ടോൾ പിരിവ് നടത്താൻ എൻ എച്ച് ഐ എ അധികാരികൾ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് താൽക്കാലികമായി നിർത്തി വക്കുകയും എന്നാൽ ശനിയാഴ്ച രാവിലെ മുതൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുകയായിരുന്നു.തുടർസമരത്തിൻ്റെ ഭാഗമായി ശനിയാഴ്ച വൈകീട്ട് 3ന് തൃപ്രയാർ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് നാട്ടിക ടോൾ പ്ലാസയിലേക്ക് എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്യും



