കള്ളുഷാപ്പിൽ അതിക്രമിച്ച് കയറി ആക്രമണം; മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

അന്തിക്കാട് : കള്ളുഷാപ്പിനുള്ളിൽ വെച്ച് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമുറി വില്ലേജ് കിഴക്കേനട സ്വദേശികളായ പെണ്ണാട്ട് വീട്ടിൽ അമൽ (28), സഹോദരൻ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ ഷാപ്പ് മാനേജരായ പെരിങ്ങോട്ടുകര സ്വദേശി പാണപറമ്പിൽ വീട്ടിൽ മണിലാൽ (50), സുഹൃത്തായ വടക്കുമുറി വില്ലേജ് കിഴക്കേനട സ്വദേശി പനങ്ങാത്ത് വീട്ടിൽ ദിനേശ് (43) എന്നിവർക്കാണ് പരിക്കേറ്റത്. 09.08.2026 വൈകീട്ട് 4.45 മണിയോടെയാണ് സംഭവം. കിഴക്കേനട കള്ളുഷാപ്പിലെത്തിയ അക്ഷയ് മണിലാലിനോട് മൂത്ത കള്ള് ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി നൽകിയതിനെ തുടർന്ന് മണിലാലിനെ അസഭ്യം പറയുകയും പിടിച്ച് തള്ളുകയും ചെയ്തു. തുടർന്ന് മണിലാലും ദിനേശും ചേർന്ന് അക്ഷയിനെ കള്ളുഷാപ്പിന് പുറത്തേക്ക് മാറ്റുകയായിരുന്നു.
ഇതിനെ തുടർന്നുണ്ടായ വിരോധത്തെ തുടർന്ന് അമലും അക്ഷയും ചേർന്ന് കള്ളുഷാപ്പിനുള്ളിലേക്ക് അതിക്രമിച്ച് കയറി മണിലാലിനെയും ദിനേശിനെയും കള്ള് കുപ്പി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അന്തിക്കാട് പോലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടിയിരുന്നു.
അമൽ പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും, പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസിലെ പ്രതിയാണ്.
അക്ഷയ് മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ, എസ് ഐ ഹാഷിഷ്, എസ് സി പി ഒ രാജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരു ന്നു.



