ഗ്രാമ വാർത്ത.

ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾ, ഒറ്റ ദിവസം നടന്നത് 420 കല്യാണങ്ങൾ. ദർശനവും വിവാഹ ചടങ്ങുകളും സമയബന്ധിതമായി പൂർത്തിയായി.

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നത് 420 വിവാഹങ്ങൾ. പുലർച്ചെ നാലു മണിയോടെ തുടങ്ങിയ വിവാഹങ്ങൾ പന്ത്രണ്ടരയോടെ പൂർത്തിയായി. റിക്കാർഡ് വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധിയിൽ ഭക്തരുടെ ദർശനവും സുഗമമായി നടന്നു.
കഴിഞ്ഞ ആഗസ്റ്റ് 23 ന് നടന്ന 416 വിവാഹങ്ങളുടെ റിക്കാർഡ് ഇതോടെ പുതിയ ചരിത്രത്തിന് വഴിമാറി.

ഉഷപൂജയ്ക്കും പന്തീരടി പൂജയ്ക്കും ക്ഷേത്രനട അടച്ച സമയത്തൊഴികെ ബാക്കി നേരമെല്ലാം വിവാഹങ്ങൾ തുടർച്ചയായി നടന്നു. ഇന്ന് 21സ്പോട്ട് ബുക്കിങ്ങ് ഉൾപ്പെടെ 443 വിവാഹങ്ങളാണ് ശീട്ടാക്കിയിരുന്നത്.

ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ്
ദേവസ്വം ഭരണസമിതി അംഗം, ശ്രീമതി എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.ഹരിഗോപാൽ,
ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എ.വി.പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം എൻ രാജീവ് സെക്യുരിറ്റി സൂപ്പർ വൈസർ സുബ്രഹ്മണി
എന്നിവർ ഉൾപ്പെടെ ജീവനക്കാരും കിഴക്കേ നടയിൽ സന്നിഹിതരായി. ക്ഷേത്ര പരിസരത്തും ക്ഷേത്രനഗരിയിലും സുരക്ഷയൊരുക്കി ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, ടെമ്പിൾ സി ഐ ജയപ്രദീപ്, എസ്.ഐ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലേറെ സിവിൽ പോലീസുകാരും സേവനത്തിറങ്ങി. അടിയന്തിര ഘട്ടമുണ്ടായാൽ ഇടപെടാൻ ഫയർ ഓഫീസർ സജിത്ത് ലാലിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തയ്യാറായി ക്ഷേത്രം ഇന്നർറിങ്ങ് റോഡിന് സമീപം സജ്ജരായിരുന്നു.

ദേവസ്വം മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോ.രാഹുൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടിയന്തിര വൈദ്യ സേവനം നൽകാൻ ക്യാമ്പ് ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close