എറിയാട് പഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ നടത്തി.

UNESCO- IOC സുനാമി റെഡി പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും (KSDMA), തൃശ്ശൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും (DDMA) സഹകരണത്തോടെ എറിയാട് ഗ്രാമപഞ്ചായത്തിൽ സുനാമി മോക് ഡ്രിൽ നടത്തി.സുനാമി മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്കും പൊതുജനങ്ങളിലേക്കും അറിയിപ്പുകൾ എത്തിക്കുന്ന വിവിധ മാർഗങ്ങൾ, ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനം, അടിയന്തര പ്രതികരണശേഷി എന്നിവ വിലയിരുത്തുന്നതിനായാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്.ജില്ലാ അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽനിന്നും(DEOC) സുനാമി മുന്നറിയിപ്പ് ലഭിച്ചതോടെ മോക്ക്ഡ്രില്ലിന് തുടക്കമായി. DEOC യിൽനിന്നുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാതല ഇൻസിഡന്റ് കമ്മാന്റർ കൂടിയായ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ(ഇൻ ചാർജ്) ശ്രീമതി. ബിന്ദു ടി ജി നേതൃത്വം നൽകി. സുനാമി സാധ്യതാ മുന്നറിയിപ്പ് ലഭിച്ചതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അന്നൗൺസ്മെന്റ് മുഖേന പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുകയും, കോസ്റ്റൽ പോലീസിന്റെയും , ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെ മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തും മുന്നറിയിപ്പ് നൽകി.തുടർന്ന് ലൈറ്റ് ഹൌസ് ബീച്ചിൽനിന്നും സമീപ പ്രദേശത്തുനിന്നും ജനങ്ങളെ വളർത്തുമൃഗങ്ങളുൾപ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് എറിയാട് സൈക്ളോൺ ഷെൽട്ടറിൽ(ചുഴലിക്കാറ്റ് അഭയകേന്ദ്രം) ഒരുക്കിയ സുരക്ഷിത അഭയകേന്ദ്രത്തിൽ എത്തിച്ചു.കൊടുങ്ങല്ലൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ ഡിഫെൻസ്, അപ്താ മിത്ര വോളന്റിയർമാരുടെയും ERT അംഗങ്ങളുടെയും സഹായത്തോടെ രക്ഷാപ്രവർത്തനവും പ്രത്യേക പരിഗണന വേണ്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.ആരോഗ്യപരിചരണ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കാളികളായി.ശേഷം മോക്ക്ഡ്രിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു.മുന്നറിയിപ്പ് സംവീധാനവും ഒഴിപ്പിക്കൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമവും വേഗത്തിലും ആക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. കൊടുങ്ങല്ലൂർ താലൂക്ക് ഇൻസിഡന്റ് കമ്മാൻഡർ കൂടിയായ തഹസീൽദാർ, അഴിക്കോട് കോസ്റ്റൽ പോലീസ് , ആരോഗ്യ, റവന്യൂ, വിദ്യാഭ്യാസ, ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ്, മോട്ടോർ വാഹന വകുപ്പ്, പോർട്ട് കൺസർവെഷൻ, വിനോദസഞ്ചാരം, ഫിഷറീസ് തുടങ്ങിയ വിവിധ വകുപ്പുകളും ആശാ പ്രവർത്തകർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ,കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന, കടലോര ജാഗ്രതാ സമിതി അംഗങ്ങളും മോക് ഡ്രില്ലിൽ സജീവമായി പങ്കെടുത്തു.എറിയാട് പഞ്ചായത്തിലെ പൊതുജനസമൂഹവും മോക് ഡ്രില്ലിൽ സജീവമായി പങ്കാളികളായി. സുനാമി റെഡി പഞ്ചായത്ത് ആകുന്നതിനായുള്ള എറിയാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് മോക്ക്ഡ്രിൽ കൂടുതൽ കരുത്തേകി.



