സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസയിലേക്ക് നടന്ന ജനകീയ പ്രതിഷേധ മാർച്ച്.

നാട്ടിക:നിർമ്മാണം പുർത്തികരിക്കാത്ത ദേശീയപാത 66ൻ്റെ ഭാഗമായി നാട്ടികയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ടോൾ പിരിവ് അന്യായവും പ്രതിഷേധാർഹവുമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ.സി പി ഐ എം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസയിലേക്ക് നടന്ന ജനകീയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോജിക്കാവുന്ന എല്ലാ രാഷ്ട്രീയ സന്നദ്ധ സാംസ്കാരിക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭത്തിന് സി പി ഐ എം തയ്യാറാണ്. ദേശീയപാതയുടെയും പാലങ്ങളുടെയും സർവ്വീസ് റോഡുകളുടെയും നിർമ്മാണം മുഴുവനായും പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടികയിലെ ടോൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ സമരവുമായി സി പി ഐ എം മുന്നിൽ ഉണ്ടാകും. ദേശീയപാതയുടെ അപാകത മൂലം നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. ഈ സാഹചര്യത്തിൽ ദേശീയ പാതയുടെ നിർമ്മാണം പൂർണ്ണമായതിന് ശേഷം മാത്രമേ ടോൾ പിരിവ് അനുവദിക്കുകയുള്ളൂ.നാല് മാസമായി ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങളൊന്നും നടന്നിട്ടില്ല. ഉടൻ തന്നെ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപാത 66 ൻ്റെ അവലോകന യോഗം വിളിക്കാൻ തയ്യാറാകണം എന്നും കെ വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു. നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിവ് നടത്താൻ പാടില്ലെന്ന നിലപാട് സംസ്ഥാന സർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. തൃപ്രയാർ ബസ്സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിച്ച ജനകീയ പ്രതിഷേധ മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. പൊരി വെയിലിനെ വകവെക്കാതെ ടോൾ പാസക്ക് മുൻപിൽ കുത്തിയിരുന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. സമരത്തെ നേരിടാൻ ശക്തമായ പൊലീസ് സന്നാഹം വിന്യസിച്ചിരുന്നു.സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ്ബാബു അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി കെ ജ്യോതി പ്രകാശ് സ്വാഗതവും കെ എ വിശ്വംഭരൻ നന്ദിയും പറഞ്ഞു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ ആർ സീത, ടി എസ് മധുസൂദനൻ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളായ പി ഐ സജിത, അമൽ ടി പ്രേമൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ബൈന പ്രദീപ്, പി കെ മോഹനൻ, ഐ എൻ സുധീഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.



