ഗ്രാമ വാർത്ത.
സമരവിജയത്തിൽ ആഹ്ലാദം-മധുരം വിതരണം ചെയ്തു.

തൃപ്രയാർ: പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ജനകീയ സമരത്തിന്റെ വിജയത്തിൽ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. ആഹ്ലാദത്തിനിടെ ടോൾ പിരിവ് ഫാസ്റ്റ് ടാഗിലൂടെ പുനരാരംഭിക്കാനുള്ള ടോൾ പ്ലാസ അധികൃതരുടെ ശ്രമം പീപ്പിൾസ് ഫൗണ്ടേഷൻ പ്രവർത്തകർ ഇടപെട്ട് തടയുകയും പിരിവ് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ടോൾ പ്ലാസ ജീവനക്കാരും പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.സംഭവസ്ഥലത്തെത്തിയ വലപ്പാട് എസ്.ഐ. മൗഷ്മി ഇടപെട്ട് ടോൾ പിരിവ് നിർത്തിവയ്ക്കാൻ ടോൾ പ്ലാസ അധികൃതരോട് ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ സമരവിജയം ആഘോഷിച്ച് മധുരം വിതരണം ചെയ്തു.



