ഗ്രാമ വാർത്ത.

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സ്പൈഡർ സാബു കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ.

കൊടുങ്ങല്ലൂർ : വടക്കേനടയിൽ ആളൊഴിഞ്ഞു കിടന്ന വീട്ടിൽ മോഷണം നടത്തുന്നതിനിടയിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വടക്കേനട സ്വദേശി രാജീവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നെങ്കിലും അകത്തുണ്ടായിരുന്ന സിസിടിവി ക്യാമറ വഴി വീട്ടുടമസ്ഥൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കണ്ട് ഉടൻ തന്നെ കൊടുങ്ങല്ലൂർ പോലീസ് വിവരം അറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ ഉടൻ തന്നെ എസ്.ഐ അതുൽ മോഹൻ, ജി.എസ്.ഐ സജീവ്, ഡി.വി.ആർ സി.പി.ഒ അമൽദേവ്, സി.പി.ഒമാരായ ജാബിർ, മുഹീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മെയിൻ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നതിനാൽ പോലീസ് സംഘം മതിൽ ചാടിക്കടന്ന് വീട് വളയുകയായിരുന്നു. വീടിന്റെ മുകൾ നിലയിൽ വെട്ടം കണ്ടതോടെ കള്ളൻ അകത്തുണ്ടെന്ന് ഉറപ്പുവരുത്തിയ പോലീസ്, പ്രതി രക്ഷപ്പെടാതിരിക്കാൻ അതീവ ജാഗ്രതയോടെ കാത്തുനിന്നു. തുടർന്ന് പിൻവശത്തെ ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ച പ്രതിയെ പോലീസ് വീട്ടിൽ നിന്നെടുത്ത പണം സഹിതം കൈയോടെ പിടികൂടുകയായിരുന്നു. പിൻവശത്തെ ജനൽ പൊളിച്ചാണ് ഇയാൾ അകത്തു കയറിയത്.തുടർന്ന് സ്റ്റേഷനിൽ എത്തി നടത്തിയ പരിശോധനയിലാണ് പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയായ ‘സ്പൈഡർ സാബു’ എന്നറിയപ്പെടുന്ന സാബു ആണെന്ന് വ്യക്തമായത്. ആളൊഴിഞ്ഞ വീടുകൾ നോട്ടമിട്ട് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സാബു കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് കവർച്ചക്കിടെ ഒരാളെ കൊലപ്പെടുത്തിയ കേസിലും തൃശ്ശൂർ ഗുരുവായൂർ, ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, വയനാട് ബത്തേരി, കോഴിക്കോട് ഫറോഖ്, പന്നിയങ്കര, നല്ലളം, ചെമ്പോല, എറണാംകുളം കുന്നത്ത്നാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പന്ത്രണ്ട് മോഷണക്കേസുകളിലും അടക്കം പതിമൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close